55 വര്‍ഷമായി കത്രീന കെട്ടിട നിര്‍മാണ ജോലികള്‍ എടുക്കുന്നു. മക്കള്‍ ഒന്നടങ്കം അമ്മ ജോലിക്ക് പോകരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടും അതെല്ലാം അവഗണിച്ചാണ് കത്രീന ഇന്നും പണിയെടുക്കുന്നത്.
തൃശൂർ: 95-ാം വയസിലും കെട്ടിട നിര്‍മാണ ജോലികള്‍ക്കായി പോകുന്ന പൂങ്കുന്നം സ്വദേശിനി കത്രീന അത്ഭുതമാകുന്നു. നാട്ടിലെ ചെറുപ്പക്കാരിൽ പലരും ചെയ്യാൻ മടിക്കുന്ന ജോലിയാണ് ഈ 95-ാം വയസിലും സന്തോഷത്തോടെ, അതിലേറെ സംതൃപ്തിയോടെ കത്രീന ചെയ്യുന്നത്. എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം എന്ന പഴഞ്ചൊല്ല് ജീവിതം കൊണ്ട് പഠിപ്പിക്കുകയാണ് കത്രീന.
അന്‍സാര്‍ കോളജിലെ റോഡിന്റെ കോണ്‍ക്രീറ്റ് ജോലികളുടെ തിരക്കിലാണ് ഇപ്പോള്‍ കത്രീന. കോണ്‍ട്രാക്ടര്‍ കുഞ്ഞിപ്പാലുവിന്റെ കരാര്‍ ജോലിക്കായാണ് കത്രീന പത്തോളം തൊഴിലാളികള്‍ക്കൊപ്പം എത്തിയത്. 55 വര്‍ഷമായി കത്രീന കെട്ടിട നിര്‍മാണ ജോലികള്‍ എടുക്കുന്നു. മക്കള്‍ ഒന്നടങ്കം അമ്മ ജോലിക്ക് പോകരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടും അതെല്ലാം അവഗണിച്ചാണ് കത്രീന ഇന്നും പണിയെടുക്കുന്നത്.
ജോലിക്ക് ഒരു ദിവസം പോകാതിരുന്നാലാണ് ക്ഷീണമെന്നാണ് കത്രീനയുടെ അഭിപ്രായം. ഇതോടെ മക്കള്‍ അമ്മയെ സ്വന്തമിഷ്ടത്തിനു വിട്ടു. ദിവസവും വെളുപ്പിന് വാര്‍ക്ക പണികള്‍ക്കായി പോകും. കോണ്‍ക്രീറ്റ് മിക്‌സിങ്ങാണ് പണി. ഭര്‍ത്താവ് ബേബി 27 വര്‍ഷം മുമ്പ് മരിച്ചു. മക്കളെ വളര്‍ത്താനാണ് ജോലിക്ക് പോയി തുടങ്ങിയത്. പിന്നെ അത് നിര്‍ത്താതെ തുടര്‍ന്നു. ഇപ്പോള്‍ 55 വര്‍ഷം പിന്നിട്ടിരിക്കുന്നു.
മുന്‍ മുഖ്യമന്ത്രി കരുണാകരന്‍, സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി തുടങ്ങിയവരില്‍നിന്നും ആദരവുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് . സോഷ്യല്‍ മീഡിയകളില്‍ കത്രീന അമ്മൂമ്മ ഇപ്പോള്‍ വൈറലാണ്. മക്കളില്‍ മൂത്തമകന് 60 വയസായി. ജോലിക്കിടയില്‍ കനത്ത ചൂടും കനത്ത മഴയും കത്രീനയ്ക്ക് പ്രശ്‌നമല്ല. മരണംവരെ ജോലിക്ക് പോകണമെന്നാണ് കത്രീനയുടെ ആഗ്രഹം. സ്വയം അധ്വാനിച്ചുണ്ടാക്കുന്ന തുകകൊണ്ട് ജീവിക്കുന്നതിന്റെ സംതൃപ്തിയുണ്ട് ഇപ്പോഴും ഈ തൊണ്ണൂറ്റിയഞ്ചുകാരിക്ക്.
