Asianet News MalayalamAsianet News Malayalam

കാട്ടാക്കട അക്രമം: കെഎസ്ആര്‍ടിസിക്ക് നൽകിയ ലക്ഷങ്ങളുടെ പരസ്യം പിൻവലിച്ച് ജ്വല്ലറി ഉടമ

മാസം കെഎസ്ആര്‍ടിസിക്ക് നൽകിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യമാണ് പിൻവലിച്ചത്. 

Kattakkada incident ad given to the KSRTC is withdrawing says a jwellery Owner
Author
First Published Sep 23, 2022, 1:06 PM IST

കോട്ടയം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിൽ അച്ഛനെ ക്രൂരമായി മ‍ര്‍ദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ കെ എസ് ആര്‍ ടി സിക്ക് നൽകിയ പരസ്യം പിൻവലിക്കുന്നതായി ജ്വല്ലറി ഉടമ. കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചനാണ് താൻ കെ എസ് ആര്‍ ടി സിക്ക് നൽകിയ പരസ്യം പിൻവലിക്കുന്നതായി അറിയിച്ചത്. മാസം കെഎസ്ആര്‍ടിസിക്ക് നൽകിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യമാണ് പിൻവലിച്ചത്. 

മാത്രമല്ല മര്‍ദ്ദനമേറ്റ ആമച്ചൽ സ്വദേശി പ്രേമന്റെ മകൾ രേഷ്മയുടെ മൂന്ന് വര്‍ഷത്തെ യാത്രയ്ക്കുളള ചെലവിലേക്കായി 50,000 രൂപയുടെ ചെക്കും നൽകി. പരസ്യം പിൻവലിച്ചതുമായി ബന്ധപ്പെട്ട് ടോണി വര്‍ക്കിച്ചൻ കെ എസ് ആര്‍ ടി സി  എംഡി ബിജു പ്രഭാകറിന് കത്ത് നൽകി. പൊതുമേഖലാസ്ഥാപനമായ കെ എസ് ആര്‍ ടി സിയില്‍നിന്ന് ജനം ആഗ്രഹിക്കുന്നത് ഇത്തരം പെരുമാറ്റമല്ലെന്നും കുറ്റക്കാരായ ജീവനക്കാര്‍ മാപ്പുപറയണമെന്നും ടോണി വര്‍ക്കിച്ചന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. 

വിദ്യാ‍ര്‍ത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള ത‍ര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം. ആമച്ചൽ സ്വദേശിയായ പ്രേമൻ വിദ്യാര്‍ത്ഥിനിയായ മകളുടെ കണ്‍സെഷൻ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആര്‍ടിസിയുടെ കാട്ടാക്കടയിലെ ഡിപ്പോയിൽ എത്തിയത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ കണ്‍സെഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാര്‍ ഓഫീസിൽ നിന്നും പ്രേമനോട് പറഞ്ഞു.

ഒരു മാസം മുൻപ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ പറഞ്ഞു. എന്നാൽ അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാര്‍ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാക്കുകയും കാര്യങ്ങൾ കൈയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.

Follow Us:
Download App:
  • android
  • ios