Asianet News MalayalamAsianet News Malayalam

കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ തര്‍ക്കം; ഒടുവില്‍, ഗതാഗതത്തിനായി തുറന്ന് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ

നവംബർ 14 ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുമെന്ന് അറിയിച്ചിരുന്ന എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനം പിന്നീട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിനായി അദ്ദേഹത്തിന്‍റെ കൂടി സൗകര്യാര്‍ത്ഥം നവംബർ 29 ലേക്ക് മാറ്റിയിരുന്നു.  

Kazhakootam elevated highway was opened
Author
First Published Dec 3, 2022, 2:20 PM IST


തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനും കേന്ദ്ര സംസ്ഥാന സര്‍ക്കാര് തര്‍ക്കങ്ങൾക്കും ഒടുവിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഗതാഗതതിനായി തുറന്ന് നൽകി. സർവ്വീസ് റോഡിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് മേൽപ്പാലം തുറന്നതെന്ന് അധികൃതർ പറഞ്ഞു. ദേശീയ പാത ഉദ്യോഗസ്ഥരെത്തി പൂജ നടത്തി തേങ്ങ ഉടച്ച ശേഷമാണ് മേൽപ്പാലം തുറന്നത്. കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണ് ഇത്.  എലിവേറ്റഡ് ഹൈവേ ഉദ്ഘാടനത്തെ ചൊല്ലി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് പാത ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണിത്. ഏതാണ്ട് രണ്ടേമുക്കാല്‍ കിലോമീറ്ററാണ് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ ദൂരം. 

നേരത്തെ നവംബർ 14 ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുമെന്ന് അറിയിച്ചിരുന്ന എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനം പിന്നീട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിനായി അദ്ദേഹത്തിന്‍റെ കൂടി സൗകര്യാര്‍ത്ഥം നവംബർ 29 ലേക്ക് മാറ്റിയിരുന്നുയെങ്കിലും പിന്നീട് ഇതും മാറ്റി വെച്ചു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ സമയമനുസരിച്ചായിരിക്കും ഔദ്യോഗിക ഉദ്ഘാടനം നടത്തുകയെന്ന് അധികൃതർ പറഞ്ഞു. സർവീസ് റോഡിന്‍റെ പണി പൂര്‍ത്തിയാക്കണമെങ്കില്‍ മുകല്‍ കൂടിയുള്ള ഗതാഗതം സുഗമമാകണമെന്നും അതിനായാണ് പാത തുറന്ന് കൊടുത്തതെന്നും ദേശീയ പാത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്ഘാടനം പീന്നീട് ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. പാലത്തിന്‍റെ മുകളിലുള്ള പണികളെല്ലാം പൂര്‍ത്തിയായെന്നും അധികൃതര്‍ വ്യക്തമാക്കി. നിർമ്മാണം പൂർത്തിയായാലും എലിവേറ്റഡ് ഹൈവേ അടയ്ക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. നിർമ്മാണം പൂർത്തിയായിട്ടും മേൽപ്പാലം തുറക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 

Follow Us:
Download App:
  • android
  • ios