Asianet News Malayalam

എല്ലാ ചോദ്യത്തിനും സിപിഎമ്മിന്‍റെ കയ്യിൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ, അത് ' ബി ജെ പി സമരം ' എന്ന വളരെ ചെറിയ ഉത്തരം : വയല്‍ക്കിളികള്‍

സിപിഎം വയല്‍ക്കിളി സമരത്തെ ബിജെപിയുടെതാക്കി ചിത്രീകരിക്കുന്നത് സമരത്തിന്‍റെ ഗതി തിരിച്ചുവിടാനാണ്. അല്ലാത്ത പക്ഷം കീഴാറ്റൂരിലൂടെ ദേശീയ പാത വന്നാല്‍ സംഭവിക്കാന്‍ പോകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതരാകും. ഇത് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് വെളിവാക്കുമെന്നും പോസ്റ്റില്‍ പറയുന്നു. 
 

keezhattoor strike for envornmental vayalkilikal
Author
Kizhattoor, First Published Dec 2, 2018, 2:17 AM IST
  • Facebook
  • Twitter
  • Whatsapp

കീഴാറ്റൂര്‍ (കണ്ണൂര്‍): പരിസ്ഥിതിയെ സംരക്ഷിക്കുവാനാണ് കീഴാറ്റൂര്‍ സമരമെന്ന് സിപിഎമ്മിനെ വീണ്ടും ഓര്‍മ്മിപ്പിച്ച് വയല്‍കിളികള്‍. സിപിഎമ്മിന് ഒരിക്കലും കീഴാറ്റൂര്‍ സമരത്തെ കേവലം സംഘപരിവാര്‍ സമരമാക്കി തരംതാഴ്ത്താനാകില്ലെന്നും സമരത്തിന് ശക്തമായ പാരിസ്ഥിതിക പിന്തുണ ലഭിക്കുന്നുണ്ടെന്നും സുരേഷ് കീഴാറ്റൂര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. 

' കിളികളെ നിങ്ങളെ ഞങ്ങള്‍ സംഘികളാക്കും ' എന്ന പേരിലെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വയല്‍ക്കിളി സമരത്തിന് തുടക്കം മുതല്‍ ലഭിച്ച പരിസ്ഥിതിക പ്രവര്‍ത്തകരുടെ പിന്തുണയെ എടുത്ത് പറയുന്നു. അത് ബിജെപിയുടെ സമരമല്ലെന്നും അങ്ങനയെ ആക്കിത്തീര്‍ക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്നും പോസ്റ്റില്‍ വിശദമാക്കുന്നു. 

ഈ എല്ലാ ചോദ്യത്തിനും സിപിഎമ്മിന്റെ കയ്യിൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ, അത് ' ബിജെപി സമരം ' എന്ന വളരെ ചെറിയ ഉത്തരമാണ്. മറ്റൊരു സന്ദർഭത്തിൽ സഖാവ് ഇ.എം.എസ് പറഞ്ഞതു പോലെ ''എന്റെ ഉത്തരം ശരിയാണ്, നിങ്ങളുടെ ചോദ്യമാണ് തെറ്റിയത് " എന്നതാണ് സിപിഎം നിലപാടെന്നും സുരേഷ് കീഴാറ്റൂര്‍ വിമര്‍ശിക്കുന്നു. 

സിപിഎം വയല്‍ക്കിളി സമരത്തെ ബിജെപിയുടെതാക്കി ചിത്രീകരിക്കുന്നത് സമരത്തിന്‍റെ ഗതി തിരിച്ചുവിടാനാണ്. അല്ലാത്ത പക്ഷം കീഴാറ്റൂരിലൂടെ ദേശീയ പാത വന്നാല്‍ സംഭവിക്കാന്‍ പോകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതരാകും. ഇത് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് വെളിവാക്കുമെന്നും പോസ്റ്റില്‍ പറയുന്നു. 

'സംഘപരിവാറിന്‍റെ കപടമുഖം'  എന്ന പേരില്‍ ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തിനുള്ള മറുപടിയായാണ് സുരേഷ് കീഴാറ്റൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഡിസംബര്‍ 30 വയല്‍ക്കിളികള്‍ കരുത്തുതെളിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. 


സുരേഷ് കീഴാറ്റൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

കിളികളേ നിങ്ങളെ ഞങ്ങൾ സംഘികളാക്കും.

'സംഘപരിവാറിന്റെ കപടമുഖം' എന്ന പേരിൽ കീഴാറ്റൂർ സമരവുമായി ബന്ധപ്പെട്ട് ദേശാഭിമാനി എഴുതിയ മുഖപ്രസംഗത്തിനുള്ള മറുപടിയാണിത്.
ആടിനെ പട്ടിയാക്കുന്ന CPM കാപട്യമാണ് പാർടി പത്രത്തിന്റെ ഈ മുഖപ്രസംഗം എന്ന് ഒറ്റ വാചകത്തിൽ പറയാം.
കിഴാറ്റൂർ സമരം BJP സമരമാണെന്ന് ആവർത്തിച്ച് പറഞ്ഞ് ഉറപ്പിക്കുകയും BJP യുടെ തെറ്റുകുറ്റങ്ങൾ കീഴാറ്റൂർ സമരക്കാരുടെ തലയിൽ കെട്ടി വയ്ക്കുകയും ചെയ്യുകയെന്ന ഏറ്റവും ലളിതമായ യുക്തിയാണ് ദേശാഭിമാനി നാളിതുവരെ പ്രയോഗിച്ചു വന്നത്, അതിൽ ഒടുവിലത്തേതാണ് ഡിസംബർ 1 ന്റെ ഈ മുഖപ്രസംഗം.
ദേശാഭിമാനി മുഖപ്രസംഗമല്ല , പത്രത്തിന്റെ മുഴുവൻ താളുകളും എഴുതി നിറച്ചാലും കീഴാറ്റൂരിൽ നടന്നു വരുന്ന പരിസ്ഥിതി സമരത്തെ കേവലം സംഘപരിവാർ സമരമാക്കി തരംതാഴ്ത്താനാകില്ല. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സ്വീകരിക്കേണ്ട മുഴുവൻ നിലപാടുകൾക്കും പാർടി പത്രത്തെ ആശ്രയിക്കുന്ന വിനീതവിധേയരായ അണികളെ മാത്രമേ CPM ന് ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കുകയുള്ളൂ..
ചരിത്രത്തോട് സംഘപരിവാരം അസഹിഷ്ണുക്കളായിരിക്കുന്നതിനു കാരണം ചരിത്രം സത്യസന്ധമായി വിലയിരുത്തപ്പെട്ടാൽ അവർ കെട്ടിപ്പൊക്കിയ നുണകളുടെ കൊട്ടാരങ്ങൾ തകർന്നടിയും എന്നതാണല്ലോ , സമാന സ്ഥിതി തന്നെയാണ് CPM നും. 
കീഴാറ്റൂർ സമരത്തിന്റെ കേവലം രണ്ടര വർഷത്തെ ചരിത്രം പോലും സത്യസന്ധമായി അവതരിപ്പിക്കാൻ ദേശാഭിമാനി തയ്യാറാകില്ല.. കാരണം അത്തരമൊരു പരിശോധനയ്ക്കു മുതിർന്നാൽ 'BJP സമരം' എന്ന ചീട്ടുകൊട്ടാരം തകർന്നു വീഴുമെന്ന് സഖാക്കൾക്കു നന്നായറിയാം..
വയൽക്കിളി സമരമെന്നു വിളിക്കപ്പെട്ട കീഴാറ്റൂർ സമരം ഉദ്ഘാടനം ചെയ്തത് സീക്ക് (SEEK) ഡയറക്ടറും , 'സൂചീമുഖി' എന്ന പരിസ്ഥിതി വിദ്യാഭ്യാസ മാസികയുടെ എഡിറ്ററും കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി പണ്ഡിതനുമായ T.P. പദ്മനാഭൻ മാസ്റ്ററാണ്. സമരത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് മുൻ കമ്യൂണിസ്റ്റും പരിസ്ഥിതി പ്രവർത്തകനും ഇപ്പോൾ ആം ആദ്മി പാർട്ടി നേതാവുമായ CR നീലകണ്ഠനാണ് , CPM പ്രവർത്തകർ സമരപ്പന്തൽ കത്തിച്ചതിനു ശേഷം 'കേരളം കീഴാറ്റൂരിലേക്ക് ' എന്ന ബഹുജന മാർച്ച് സംഘടിപ്പിച്ചത് കീഴാറ്റൂർ ഐക്യദാർഢ്യ സമിതിയും കേരളത്തിലങ്ങോളമിങ്ങോളമുള്ള പരിസ്ഥിതി പ്രവർത്തകരുമാണ്. കാസർകോടെ എൻഡോസൾഫാൻ സമരക്കാരും വിവിധ ഹൈവേ സമരക്കാരും മുതൽ അതിരപ്പിള്ളി, പുതുവൈപ്പിൻ , നീറ്റാ ജലാറ്റിൻ, സമരക്കാർ വരെ കീഴാറ്റൂരിലേക്കെത്തി.
പക്ഷേ രാഷ്ട്രീയ മുതലെടുപ്പിനെത്തിയ BJP നേതാക്കളെയും PC ജോർജിനെയും മാത്രമേ ദേശാഭിമാനിയും CPM സഖാക്കളും കണ്ടുള്ളൂ.. CPIML നേതാക്കൾ മുതൽ കോൺഗ്രസ്സ് നേതാക്കൾ വരെ പലരും സമരപ്പന്തൽ സന്ദർശിച്ചു എങ്കിലും കുമ്മനം രാജശേഖരന്റെ സന്ദർശനം മാത്രമേ CPM കാരും ദേശാഭിമാനിയും ഓർക്കാനാഗ്രഹിക്കുന്നുള്ളൂ.. വയൽക്കിളികളുടെ സമരം ന്യായമാണെന്നു പറഞ്ഞ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ പറ്റി ദേശാഭിമാനി മിണ്ടില്ല .. സമരക്കാർ ഉയർത്തിപ്പിടിച്ച ചെങ്കൊടിയല്ല ഇടയ്ക്കൊരു ദിവസം സംഘപരിവാരം കൊണ്ടുവന്ന കാവിക്കൊടി മാത്രമേ ദേശാഭിമാനി കണ്ടുള്ളൂ.. 
ഇത്തരത്തിൽ കാഴ്ചയിലും ഓർമയിലും ചരിത്രത്തിലും എഡിറ്റിംഗ് നടത്തി എല്ലാം BJP യാണ് എല്ലാം സംഘപരിവാരമാണ് എന്നു വരുത്തിത്തീർക്കുന്നതിന് CPM ന് അവരുടേതായ ചില കാരണങ്ങളുണ്ട്. ആ കാരണങ്ങളിൽ ചിലത് അക്കമിട്ട് പറയാം.

1. സമരം പരിസ്ഥിതി സമരമാണെന്നു വന്നാൽ സംവാദം പരിസ്ഥിതി പ്രശ്നങ്ങളിലൂന്നി നിന്നാകും, വയലും കുന്നുമെല്ലാം ഇനിയുള്ള കാലത്ത് ഏത് വികസനത്തിന്റെ പേരിലായാലും നശിപ്പിക്കുന്നതിന് ന്യായീകരണങ്ങളേയില്ല. വരൾചയും കുടിവെളളക്ഷാമവും പ്രളയവും സുസ്ഥിര വികസനവും പ്രകൃതി വിഭവങ്ങളുടെ പരിമിതിയും ചർച്ച ചെയ്താൽ കീഴാറ്റൂർ ബൈപാസിന് ന്യായീകരണം ചമയ്ക്കുക പ്രയാസമാകും എന്ന് സഖാക്കൾക്ക് നന്നായറിയാം.

2. സൈലന്റ് വാലിയും പെരിങ്ങോം ആണവനിലയവും പ്ലാച്ചിമടയും എൻഡോസൾഫാനും അടക്കമുള്ള സംസ്ഥാനത്തെ പരിസ്ഥിതി സമരങ്ങളിൽ CPM നിലപാട് അങ്ങേയറ്റം അസംബന്ധമായിരുന്നൂവെന്ന യാഥാർത്ഥ്യം വീണ്ടും ചർച്ച ചെയ്യപ്പെടാം .

3. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ദേശീയപാതാ വികസനത്തെ പേരുകൊണ്ട് മാർക്സിസ്റ്റായ ഒരു പാർടി പിൻതുണയ്ക്കുന്നതിലെ വൈരുദ്ധ്യം ചർച്ച ചെയ്യപ്പെടാം.

4. പിലാത്തറ - പാപ്പിനിശ്ശേരി KSTP റോഡുൾപ്പടെ വന്ന സാഹചര്യത്തിൽ തളിപ്പറമ്പിലൂടെയുള്ള ഗതാഗതം ഗണ്യമായി കുറയും എന്ന കാര്യം ചർച്ച ചെയ്യപ്പെട്ടേക്കാം.

5- ഇത്രയും നീളത്തിൽ വയൽ നികത്താനുള്ള മണ്ണ് ഏത് കുന്നിടിച്ചു കൊണ്ടുവരുമെന്ന ചോദ്യം ഉയർന്നു വന്നേക്കാം.

6. മണ്ണിട്ട് നികത്തുന്ന വയലും മണ്ണിനായി ഇടിക്കുന്ന കുന്നും ജലസംഭരണികളായതിനാൽ, ഇവയുടെ നാശം നാട്ടിലെ കുടിവെള്ള ക്ഷാമത്തെ കൂടുതൽ തീവ്രമാക്കുമെന്ന പാരിസ്ഥിതിക യാഥാർത്ഥ്യത്തെ അംഗീകരിക്കേണ്ടി വന്നേക്കാം.

7- താഴ്ന്നു വരുന്ന ഭൂഗർഭ ജലനിരപ്പിനെ ഉയർത്തിയെടുക്കാൻ തൊഴിലുറപ്പുകുഴികൾക്കൊണ്ട് മാത്രം സാധിക്കില്ലെന്ന വസ്തുത ചർച്ച ചെയ്യപ്പെട്ടേക്കാം.

8- വാഹനപ്പെരുപ്പത്തെ നിയന്ത്രിക്കാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന സത്യം വെളിപ്പെട്ടേക്കാം.

9- ജൂൺ 5 ന് ഗിന്നസ് ബുക്കിൽ പേരു വരുത്താൻ 'ലക്ഷം ദീപാർച്ചന' എന്നൊക്കെ പറയുന്നതുപോലെ യുവജന സഖാക്കൾ നടത്തുന്ന ആചാര മരംനടൽ അല്ല പരിസ്ഥിതി സംരക്ഷണമെന്നും അത് വികസന സങ്കൽപങ്ങളിൽ പോലുമുള്ള സമൂലമായ പരിവർത്തനമാണ് എന്നും ചർച്ച ചെയ്യപ്പെട്ടേക്കാം.

ഈ 2018 ലും കടലിൽ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നത് എന്നു ചോദിക്കുന്ന അൻവർ - മണി - രാജേന്ദ്രൻ മോഡൽ നേതാക്കളെയും കൊണ്ട് മേൽപ്പറഞ്ഞ രീതിയിലുള്ള പരിസ്ഥിതി ചർച്ചകളെ അതിജീവിക്കുക സാധ്യമല്ലെന്ന് ദേശാഭിമാനിക്ക് നന്നായറിയാം. അപ്പോൾ നല്ലത് സമരത്തിന് പിൻതുണയുമായെത്തിയ BJP ക്കാരെ കാണിച്ച് സമരക്കാരെ കാവി പുതപ്പിക്കലാണ്. സമരം കാവി സമരമാണെന്നു വരുത്തിത്തീർത്താൽ ഹരിതപക്ഷത്തു നിന്ന് സമരം മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങളിൽ നിന്നും തന്ത്രപരമായി തടിയൂരാം..
പശുവിനെ കുറിച്ചുള്ള ചോദ്യത്തിന് പശുവിനെ കെട്ടിയ തെങ്ങിലെ തേങ്ങ മോഷ്ടിക്കാനെത്തിയ കള്ളൻ കുട്ടപ്പനെ കുറിച്ച് നൂറ് വാക്കിൽ കവിയാതെ ഉപന്യസിക്കാം..
വയൽക്കിളികളുടെ ചോദ്യം കുടിവെള്ളത്തെ കുറിച്ചാണ്..
വയൽക്കിളികളുടെ ചോദ്യം വയൽ എന്ന ആവാസവ്യവസ്ഥയെ പറ്റിയാണ് ..
ചോദ്യം ഇടിക്കാൻ കുന്നെവിടെ എന്നാണ്...
ചോദ്യം പ്രളയാനന്തര കേരളത്തിൽ വയലുകൾ സംരക്ഷിക്കേണ്ടതല്ലേ എന്നാണ്..
ചോദ്യം എല്ലാ കാലവും ഭക്ഷ്യധാന്യങ്ങൾ അന്യസംസ്ഥാനക്കാർ തരുമോ എന്നാണ്..
ചോദ്യം നികത്തിയ ഒരു വയൽ പുനർനിർമിക്കുക സാധ്യമാണോ എന്നാണ്..
ചോദ്യം ഇടിച്ച കുന്നിനെ പുന:സ്ഥാപിക്കാമോ എന്നാണ്..
ചോദ്യം എല്ലാ ഗ്രാമവും നഗരമാകേണ്ടതുണ്ടോ എന്നാണ്..
ചോദ്യം വാഹനപ്പെരുപ്പം നിയന്ത്രിക്കേണ്ടതില്ലേ എന്നാണ്..
ചോദ്യം മണ്ണും വെള്ളവും വായുവും വരും തലമുറകൾക്കു കൂടി അവശേഷിപ്പിക്കേണ്ടതല്ലേ എന്നാണ്..
ചോദ്യം വികസനത്തിനു പരിധി വേണ്ടതല്ലേ എന്നാണ്..
ചോദ്യം മാനത്തുകണ്ണിയ്ക്കും
തവളയ്ക്കും പുൽച്ചാടിയ്ക്കും പൂമ്പാറ്റയ്ക്കും കിളികൾക്കുമെല്ലാം ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലേ എന്നാണ്..
വയൽക്കിളികളുടെ ചോദ്യം കഴിഞ്ഞു പോയ മഹാപ്രളയവും ഉരുൾപൊട്ടലുകളും മഴ മാറിയ ഉടൻ വരണ്ടുണങ്ങിയ പുഴകളും വറ്റിത്തുടങ്ങിയ കിണറുകളും സംസ്ഥാന കേന്ദ്ര -സർക്കാരുകളെയും അവയ്ക്ക് നേതൃത്വം നൽകുന്ന വലിയ വലിയ രാഷ്ട്രീയ പാർടികളെയും ഒരു പാഠവും പഠിപ്പിച്ചില്ലേ എന്നാണ്..
പക്ഷേ ...
ഈ എല്ലാ ചോദ്യത്തിനും CPM ന്റെ കയ്യിൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ, അത് ' BJP സമരം ' എന്ന വളരെ ചെറിയ ഉത്തരമാണ്.. പരീക്ഷയ്ക്ക് എന്ത് ചോദ്യം വന്നാലും രാമു പഠിച്ച ഒരേ ഉത്തരം തല തിരിച്ചും മറിച്ചും വാക്കുകൾ മാറ്റിയും അങ്ങോട്ട് പ്രയോഗിക്കും.. ജീവശാസ്ത്രം പരീക്ഷയ്ക്കും ജാലിയൻവാലാബാഗിനെ കുറിച്ച് ഉപന്യസിക്കും ..മറ്റൊരു സന്ദർഭത്തിൽ സഖാവ് ഇ.എം.എസ് പറഞ്ഞതു പോലെ ''എന്റെ ഉത്തരം ശരിയാണ് ,നിങ്ങളുടെ ചോദ്യമാണ് തെറ്റിയത് "
ദേശാഭിമാനിയുടെ സ്ഥിരം വായനക്കാർക്ക് പരിസ്ഥിതി ചർച്ച മനസ്സിലാകാത്തതിനാൽ അവർക്കു മനസ്സിലാകുന്ന സംഘപരിവാർ - കാവി - ബി ജെ പി ഭാഷയിലേക്ക് പത്രം പ്രശ്നത്തെ വിവർത്തനം ചെയ്യുന്നു.
ഒടുവിൽ ദേശാഭിമാനിയോടു പറയട്ടേ... നിങ്ങൾ എത്ര തവണ മുഖപ്രസംഗമെഴുതിയാലും കീഴാറ്റൂർ സമരത്തെ കാവി പുതപ്പിക്കാനാകില്ല , നിങ്ങൾ എത്ര തലകുത്തിമറിഞ്ഞാലും വയൽക്കിളികളേയും കീഴാറ്റൂർ ഐക്യദാർഢ്യ സമിതിയേയും സംഘപരിവാരത്തോടൊപ്പം ചേർക്കാനുമാകില്ല , കാരണം നിങ്ങളേക്കാൾ കമ്യൂണിസ്റ്റ് ബോധമുള്ളവരാണ് ഈ സമരത്തെ നയിക്കുന്നത്. 

അത് ഈ ഡിസംബർ 30 ന് നിങ്ങൾക്ക് വീണ്ടും കാണാം..
ലാൽസലാം
- നിശാന്ത് -

 

 

Follow Us:
Download App:
  • android
  • ios