വീടിനോട് ചേർന്ന് കട, അതിരാവിലെ ബെല്ലടിച്ചു; അത്യാവശ്യമെന്ന് കരുതി വാതിൽ തുറന്നതും കുത്തി വീഴ്ത്തി, മാല കവർന്നു
മൽപ്പിടുത്തത്തിടെ ഏലിയാമ്മയുടെ കഴുത്തിൽ കിടന്ന രണ്ടേമുക്കാൽ പവൻ സ്വർണ്ണമാല വലിച്ച് പൊട്ടിച്ചാണ് അക്രമി കടന്നത്
ചേർത്തല: ഗൃഹനാഥനെ കുത്തി താഴെ ഇട്ട ശേഷം വീട്ടമ്മയുടെ മാല അപഹരിച്ച് കടന്നുകളഞ്ഞ അക്രമിയെ തേടി ചേർത്തല പൊലീസിന്‍റെ അന്വേഷണം. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കട്ടച്ചിറ പാലത്തിന് സമീപം ചിറയിൽ സണ്ണി ( 65) യാണ് ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മോഷ്ടാക്കൾ കുത്തി വീഴ്ത്തിയ ശേഷം സ്വർണ്ണവുമായി കടന്നത്. പുലർച്ചെ വീട്ടിലെ കോളിംഗ് ബെൽകേട്ട് പുറത്തേയ്ക്ക് ഇറങ്ങിയ സണ്ണിയുടെ നെഞ്ചിനും കൈയുടെ ഷോൾഡറിനും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ ഭാര്യ ഏലിസമ്മ വന്ന് തടയാൻ ശ്രമിച്ചു. മൽപ്പിടുത്തത്തിടെ ഏലിയാമ്മയുടെ കഴുത്തിൽ കിടന്ന രണ്ടേമുക്കാൽ പവൻ സ്വർണ്ണമാല വലിച്ച് പൊട്ടിച്ചാണ് അക്രമി കടന്നത്.
സണ്ണി വീടിനോട് ചേർന്ന പലചരക്ക് കട നടത്തുന്നുണ്ട്. പുലർച്ചെ സാധനം വാങ്ങാൻ കടയിലെത്തിയ അത്യാവശ്യക്കാർ ആണെന്ന് കരുതിയാണ് വാതിൽ തുറന്നത്. വാതിൽ തുറന്നതും മുഖംമൂടി ധരിച്ച് ഒരാൾ അകത്തേക്ക് കടന്ന് സണ്ണിയുടെ കയ്യിൽ കുത്തുകയായിരുന്നു. ഇവരുടെ വീടിനു മുൻവശമുണ്ടായിരുന്ന അരിവാൾ ഉപയോഗിച്ചും സണ്ണിയെ ആക്രമിച്ചു. കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും വീടിന്‍റെ മുൻവശവത്തും അകത്തുമായി തളംകെട്ടി കിടപ്പുണ്ട്. ഏലിയാമ്മ അറിയിച്ചതനുസരിച്ച് ചേർത്തല പൊലീസ് എത്തിയാണ് ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവരെ പിന്നീട് തുടർചികിത്സക്കായി എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. മകൻ ബാംഗ്ലൂരിലും മകൾ എറണാകുളത്തെ ആശുപത്രിയിലും നേഴ്സ് ആയി ജോലി ചെയ്യുകയാണ്. ഡോഗ് സ്ക്വാഡും, വിരൽ അടയാള വിദഗ്ധരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ എത്തിയ പൊലീസ് നായ മണം പിടിച്ച ശേഷം ചേർത്തല - തണ്ണീർമുക്കം റോഡിൽ പടിഞ്ഞാറ് വശത്തെക്ക് ഓടി സെൻറ് ആൻറണീസ് സ്കൂളിന് സമീപമുള്ള ടാക്സി ഹൗസിൽ എത്തിനിന്നു. ചേർത്തല ഡി വൈ എസ് പി ബെന്നി, സി ഐ ജയൻ കെ എസ്, എസ് ഐ അനിൽകുമാർ, ജെ സണ്ണി, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം