32 വര്‍ഷകാലമായി പാര്‍ട്ടിയുടെ സജീവ നേതൃത്വമായി നിന്നിരുന്ന തഴക്കര പൈനുംമൂട് കല്ലുവള്ളം വടക്കേവീട്ടില്‍ മാത്തുണ്ണി,  തഴക്കര മണ്ഡലം സെക്രട്ടറിയായാണ് നേതൃത്വത്തിലേക്ക് വരുന്നത്. തഴക്കര ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ഭരണകാലത്ത് 10 വര്‍ഷം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായിരുന്നു

മാവേലിക്കര: കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം പി മാത്തുണ്ണിയുള്‍പ്പടെ 9 പേര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയുടെയും കൂട്ടരുടെയും ഏകാധിപത്യ പ്രവര്‍ത്തനത്തിലും പക്വതയില്ലാത്ത രാഷ്ട്രീയ തീരുമാനത്തിലും വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫിനോട് കാണിച്ച അനീതിയിലും പ്രതിഷേധിച്ച് പാര്‍ടിയുടെ പ്രാഥമിക അംഗത്വവും സ്ഥാനമാനങ്ങളും രാജിവക്കുന്നതായി മാത്തുണ്ണി അറിയിച്ചു.

തഴക്കര മണ്ഡലം പ്രസിഡന്റ് സി ജിബോയ്, മണ്ഡലം വൈസ് പ്രസിഡന്റ് സി കൃഷ്ണപിള്ള, മാവേലിക്കര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജേക്കബ്ബ് ദാനിയേല്‍, തഴക്കര മണ്ഡലം സെക്രട്ടറിമാരായ ജോണ്‍ പി ഈശോ, മാത്യു പി മാമന്‍, സാം മാത്യു, ട്രഷറര്‍ സി ജേക്കബ്ബ്, ദളിത് കോണ്‍ഗ്രസ് (എം) തഴക്കര മണ്ഡലം പ്രസിഡന്റ് എം കെ ഗോപാലന്‍ എന്നിവരാണ് രാജി വച്ച മറ്റു നേതാക്കള്‍. 

32 വര്‍ഷകാലമായി പാര്‍ട്ടിയുടെ സജീവ നേതൃത്വമായി നിന്നിരുന്ന തഴക്കര പൈനുംമൂട് കല്ലുവള്ളം വടക്കേവീട്ടില്‍ മാത്തുണ്ണി, തഴക്കര മണ്ഡലം സെക്രട്ടറിയായാണ് നേതൃത്വത്തിലേക്ക് വരുന്നത്. തഴക്കര ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ഭരണകാലത്ത് 10 വര്‍ഷം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായിരുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. പന്തളം നിയോജക മണ്ഡലം പ്രസിഡന്റ്, 22 വര്‍ഷം ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിങ് കമ്മിറ്റിയംഗവുംമാവേലിക്കര ഭദ്രാസന പ്രഥമ കൗണ്‍സിലംഗവുമായിരുന്നു. മാത്തുണ്ണിയുടെ നേതൃത്വത്തിലുള്ള നേതാക്കളുടെ കൂട്ട രാജിയില്‍ സംസ്ഥാന നേതൃത്വം അങ്കലാപ്പിലാണ്.