തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആനയായിരിന്നു

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് മാസം മുമ്പ് ആന കിടന്ന സ്ഥലത്ത് നിന്നു എഴുന്നേൽക്കാൻ കഴിയാതെ വീണു പോയിരുന്നു. അന്ന് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയർത്തിയത്. അതിന് ശേഷം ആന ചികിത്സയിലായിരുന്നു.

46 വർഷം മുൻപാണ് ശിവകുമാർ ആനയെ നടക്കിരുത്തിയത്. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയായി, തിരുവനന്തപുരത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിൽ ഭാഗമായിരുന്നു. നവരാത്രി ഘോഷയാത്രയിലടക്കം തലയെടുപ്പോടെ മുന്നിൽ നിന്ന ശ്രീകണ്ഠേശ്വരം ശിവകുമാർ അനന്തപുരിയിലെ ആനപ്രേമികളുടെ അഭിമാനമായിരുന്നു.