ആലപ്പുഴ ബൈപ്പാസിന് സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുന്നു. ഗതാഗതം പൂർണമായി സ്തംഭിച്ച പാതയിൽ, പ്രശ്നത്തിന് പരിഹാരം കാണാതെ പിന്മാറില്ലെന്ന നിലപാടിലാണ് സമരക്കാർ.
ആലപ്പുഴ: ബൈപ്പാസിനോട് ചേർന്നുള്ള വീടുകളിലെ വെള്ളക്കെട്ട്. പിന്നാലെ, നാട്ടുകാർ ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞു. സമരം തുടരുകയാണ്. സമരത്തെ തുടർന്ന് ആലപ്പുഴ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. ദേശീയ പാതയിൽ കിടന്നും നാട്ടുകാർ പ്രതിഷേധം തുടരുന്നു. സംഭവത്തിന് പിന്നാലെ, ആലപ്പുഴ എംഎൽഎ എ ഡി തോമസ് സ്ഥലത്തെത്തി. നാട്ടുകാരും എംഎൽയും തമ്മിൽ തർക്കമുണ്ടായി. എൽഡിഎഫ് ജനപ്രതിനിധികൾ സ്ഥലത്ത് എത്തിയപ്പോഴാണ് എംഎൽഎയുമായി തർക്കമുണ്ടായത്. പ്രശ്നത്തിൽ എംഎൽഎ കൃത്യമായി ഇടപെടണമായിരുന്നുവെന്ന് എൽഡിഎഫ് പ്രവർത്തകർ പറഞ്ഞതോടെയാണ് തർക്കമുണ്ടായത്. സ്ഥലത്ത് ജില്ലാ കളക്ടർ ഷാജി വി നായരും എത്തി. മഴ തുടർന്നാൽ ഇനിയും വെള്ളക്കെട്ട് രൂക്ഷമാകുമെന്നും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും നാട്ടുകാർ പറഞ്ഞു.
വെള്ളമൊഴുകി പോകാനുള്ള സാഹചര്യമുണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ നാട്ടുകാരുടെ ആവശ്യം അംഗീകരിച്ചില്ല. എംപിയും എംഎൽഎയുമടക്കം പ്രശ്നം പരിഹരിക്കാമെന്ന് വാക്ക് നൽകിയിട്ടും പാലിച്ചില്ലെന്നും സമരക്കാർ പറഞ്ഞു. കക്കൂസ് മാലിന്യമടക്കം വീടുകളിലേക്ക് ഒഴുകിയെത്തുകയാണെന്നും ഇവർ പറയുന്നു. നാല് ദിവസമായിട്ട് ഇതാണ് അവസ്ഥയാണെന്നും പറയുന്നു. വേനൽക്കാലത്ത് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഒന്നും ചെയ്തില്ലെന്നും നാട്ടുകാർ പറയുന്നു. പ്രശ്നം പരിഹരിക്കുന്നത് വരെ സമരം തുടരുമെന്നും സമരക്കാർ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ ധിക്കാരപരമായ നടപടിയാണ് പ്രശ്നത്തിന് കാരണമെന്നും എംഎൽഎ പറഞ്ഞു. ജനപ്രതിനിധികൾ അടക്കം പരാതി നൽകിയിട്ടും നടപടിയില്ല. പ്രതിഷേധം സ്വാഭാവികമാണ്. പരിഹാരം കണ്ടിട്ടേ സ്ഥലത്തുനിന്ന് പോകൂവെന്നും എംഎൽഎ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന കളക്ടറുടെ ഉറപ്പിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. ഇതോടെ ആലപ്പുഴ ദേശീയ പാതയിൽ ഗതാഗതം പുനസ്ഥാപിച്ചു.

