ചേർത്തല: ആലപ്പുഴയിൽ അഗ്നിശമന സേനയുടെ വാഹനം അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ തണ്ണീർമുക്കം ഗുണ്ടുവളവിന് സമീപമായിരുന്നു സംഭവം.  ചേർത്തലയിൽ നിന്നുള്ള ഫയർ യൂണിറ്റാണ് അപകടത്തിൽ പെട്ടത്. 

തണ്ണീർമുക്കം ബണ്ടിന് സമീപം വള്ളം മറിഞ്ഞ് അപകടത്തിൽ പെട്ട സ്ത്രീയെ രക്ഷിക്കാൻ പോയതായിരുന്നു. അഗ്നിശമന സേനയുടെ വാഹനത്തിന് എതിർദിശയിൽ വന്ന ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. പെട്ടെന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ മതിലിൽ ഇടിച്ചു. മതിൽ തകർന്നു.

വാഹനത്തിലുണ്ടായിരുന്ന അഗ്നിശമന സേനാംഗങ്ങൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.  പൊന്നാം വെളിമാർക്കറ്റിൽ പുല്ല് വിൽപ്പന നടത്തുന്ന ഓമന പുല്ല് ചെത്തിയ ശേഷം വള്ളത്തിൽ വരുമ്പോഴാണ് കായലിൽ വീണത്. പാലത്തിന്റെ തൂണിൽ പിടിച്ചു കിടന്ന ഓമനയെ അതുവഴി വന്ന ബോട്ടിലുള്ളവർ രക്ഷപെടുത്തി.