തിരുവനന്തപുരം: തീര രക്ഷാ ഏജൻസികളുടെ തിരച്ചിൽ പ്രഹസനമോ?. മൂന്ന് ദിവസം മുൻപ് വിഴിഞ്ഞത്ത് നിന്നും പോയി കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾ സ്വയം വള്ളമോടിച്ച് കരയ്ക്കെതിയതിന് പിന്നാലെ ചോദിക്കുന്നത് ഇങ്ങനെയാണ്. തീരത്ത് നിന്നും 20 നോട്ടിക്കൽ മൈൽ ഉള്ളിൽ കടലിൽ അകപ്പെട്ടുകിടന്ന മത്സ്യത്തൊഴിലാളികളെ മൂന്ന് ദിവസത്തിലധികം നീണ്ട തെരച്ചിലിലും കണ്ടെത്താൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നീ സേനകൾക്ക് കഴിയാതിരുന്നത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

നേരത്തെ തന്നെ ഇത്തരം ഒരു ആരോപണം തീര രക്ഷ സേനകൾക്കെതിരെ മത്സ്യതൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്. അതിനാൽ പല അപകടഘട്ടങ്ങളിലും മത്സ്യതൊഴിലാളികൾ തന്നെ ബോട്ടുകളുമായി രക്ഷാപ്രവർത്തനത്തിന് പോകേണ്ട അവസ്‌ഥയാണ്‌ ഇപ്പോഴും ഉള്ളത് എന്ന് അവര്‍ പറയുന്നു. പുതിയതുറ സ്വദേശികളായ ലൂയീസ് (53), ബെന്നി(33, കൊച്ചുപള്ളി സ്വദേശികളായ യേശുദാസൻ(55), ആന്‍റണി(53) എന്നീ മത്സ്യതൊഴിലാളികളെയാണ് വ്യാഴാഴ്ച കാണാതായത്.

ബുധനാഴ്ച വൈകിട്ട് 3.30ന് വിഴിഞ്ഞം സ്വദേശി പുഷ്പരാജന്‍റെ ഉടമസ്ഥതയിലുള്ള ഔട്ട് ബോർഡ് എഞ്ചിൻ ഘടിപ്പിച്ച വള്ളത്തിൽ  വിഴിഞ്ഞത്തു നിന്നും മത്സ്യ ബന്ധനത്തിന് പോയ ഇവർ വ്യാഴാഴ്ച  രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാല്‍ വൈകിട്ട് മൂന്ന് മണിയായിട്ടും മടങ്ങിവരാതായതോടെ വള്ളത്തിന്‍റെ ഉടമ മത്സ്യതൊഴിലാളികളെ കണാനില്ലെന്ന് പരാതിയുമായി  തീരദേശ പൊലീസിനെയും മറൈൻ എൻഫോഴ്സ്മെന്‍റിനെയും സമീപിക്കുകയായിരുന്നു. തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റും തീര സംരക്ഷണ സേനയും തെരച്ചിലിനിറങ്ങിയെങ്കിലും കടൽ പ്രക്ഷുബ്ദമായതിനെ തുടർന്ന് സന്ധ്യയോടെ മടങ്ങി.

അടുത്ത ദിവസവും പെട്രോളിംഗിന് ബോട്ട് കടലിലേക്ക് ഇറക്കിയെങ്കിലും അര മണിക്കൂർ കഴിഞ്ഞപ്പോള്‍ കടൽ പ്രക്ഷുബ്തം ആണെന്ന കാരണത്താൽ തിരികെ എത്തി. മത്സ്യതൊഴിലാളികളുടെ പ്രതിഷേധം തീരത്ത് അലയടിച്ചതോടെ തെരച്ചിൽ നടത്താൻ വെള്ളിയാഴ്ച ഡോണിയർ വിമാനവും ഹെലികോപ്റ്ററും എത്തുമെന്ന് അറിയുച്ചെങ്കിലും കാലാവസ്‌ഥ പ്രതിസന്ധിയുടെ പേരിൽ അതും നടന്നില്ല. ഇതിനിടെ നാലാം ദിവസമായ ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ, അപകടത്തിൽപ്പെട്ടവര്‍  സ്വയം വള്ളമോടിച്ച് ഹാർബറിലേക്കു എത്തുകയും ചെയ്തു.

ശക്തമായ കാറ്റിലും കോളിലും പെട്ട് വള്ളത്തിന്‍റെ എഞ്ചി‌ൻ തകരാറിലാവുകയായിരുന്നുവെന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിലും തകരാർ പരിഹരിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും തുടർന്ന് തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ കടലിൽ തന്നെ തുടരുകയായിരുന്നുയെന്നുമാണ് കടലിൽ അകപ്പെട്ടു കിടന്ന മത്സ്യത്തൊഴിലാളി ബെന്നി പറഞ്ഞത്. ഇത്രയും ദിവസം ഒരു രക്ഷാസേനയെയും തങ്ങൾ കണ്ടിട്ടില്ല. ഇന്ന് രാവിലെ കാറ്റ് ശാന്തമായപ്പോൾ വീണ്ടും എൻജിൻ സ്റ്റാർട്ട് ചെയ്യാൻ നോക്കി. ദൈവത്തിന്‍റെ കൃപ കൊണ്ട് ഒറ്റ വലിക്ക് തന്നെ എൻജിൻ സ്റ്റാർട്ട് ആകുകയായിരുന്നുയെന്നും ബെന്നി വ്യക്തമാക്കി.

അവശരായ നാൽവർ സംഘം വിഴിഞ്ഞം ഹാർബറിലേക്ക് സ്വയം വള്ളമോടിച്ചു വരികയായിരുന്നു. കരയ്ക്കെതിയ ഇവരെ കോസ്റ്റൽ പൊലീസും, കോസ്റ്റ് ഗാർഡും ചേർന്ന് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പുല്ലുവിള പള്ളി കെട്ടിയ പുരയിടത്തിൽ യേശുദാസ് (55), പുതിയ തുറ സ്വദേശി ലൂയിസ് (52) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യേശുദാസിന് ശ്വാസതടസമാണ് പ്രധാന പ്രശ്നം. ഇയാൾ പതിനാറാം വാർഡിൽ ചികിത്സയിലാണ്. ലൂയിസിന് വള്ളം വാരിയെല്ലിൽ ഇടിച്ചതിനെ തുടർന്നുള്ള അസ്വസ്ഥതയാണുള്ളത്. ലൂയിസിനെ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നാലുനാൾ പുറംകടലിൽ കഴിച്ചുകൂട്ടിയത് ആഹാരം പോലുമില്ലാതെയാണെന്ന് യേശുദാസ് പറഞ്ഞു. രണ്ടു ദിവസത്തേക്ക് കുടിക്കാൻ വെള്ളമുണ്ടായിരുന്നു. ബാക്കി രണ്ടു ദിവസം അതുപോലുമില്ലായിരുന്നുവെന്നും യേശുദാസ് പറഞ്ഞു.

നാലുദിവസം തീരത്ത് നിന്നും 20 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാലിന് സമീപം കടലിൽ കിടന്ന ഒരു വള്ളത്തെ കണ്ടുപിടിക്കാൻ തീര രക്ഷ ഏജൻസികൾക്ക് കഴിഞ്ഞില്ലായെങ്കിൽ പിന്നെ തങ്ങളുടെ ജീവന് എന്തു സുരക്ഷിതത്വം ആണുള്ളതെന്നാണ് മത്സ്യതൊഴിലാളികള്‍ ഒന്നടങ്കം ചോദിക്കുന്നത്.