ദുരിതാശ്വാസതുക ലഭിക്കാതെ മൂന്നാറിലെ പ്രളയബാധിതര്‍. തകര്‍ന്ന വീടിനു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് നാല് കുടുംബങ്ങള്‍. പ്രളയം തകര്‍ത്ത നൊമ്പരങ്ങള്‍ ഒരു ഭാഗത്തും മറ്റൊരു ഭാഗത്ത് സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാടുകളും മൂന്നാറിലെ പ്രളയബാധിതര്‍ക്ക് വന്‍ തിരിച്ചടിയാവുന്നത്. 

ഇടുക്കി: ദുരിതാശ്വാസതുക ലഭിക്കാതെ മൂന്നാറിലെ പ്രളയബാധിതര്‍. തകര്‍ന്ന വീടിനു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് നാല് കുടുംബങ്ങള്‍. മൂന്നാറില്‍ പ്രളയം ഏറ്റവുമധികം നാശങ്ങള്‍ സൃഷ്ടിച്ചത് ഇരുപതുമുറിയിലാണ്. ഇവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് അധികൃതരുടെ തെറ്റായ നിലപാടുകളാണ്. പ്രളയം തകര്‍ത്ത നൊമ്പരങ്ങള്‍ ഒരു ഭാഗത്തും മറ്റൊരു ഭാഗത്ത് സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാടുകളും മൂന്നാറിലെ പ്രളയബാധിതര്‍ക്ക് വന്‍ തിരിച്ചടിയാവുന്നത്. 

വര്‍ഷങ്ങളായി താമസിച്ച വീടും സ്ഥലവും മഴവെള്ള പച്ചലില്‍ തകര്‍ന്നടിഞ്ഞു. ജോലി ആവശ്യത്തിനായി ഉപയോഗിച്ച വാഹനം മണ്ണിനടിയിലായി. മഴ മാറിയതോടെ ക്യാമ്പുകളില്‍ നിന്നും വിട്ടൊഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവുമെത്തി. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലായ മൂന്നാറിലെ നാല് കുടുംബങ്ങളുടെ അവസ്ഥയാണിത്. കനത്ത മഴയില്‍ മൂന്നാര്‍ ഇരുപത് മുറിയില്‍ താമസിച്ചിരുന്ന ഗണേഷന്‍, ഐഷാ, തോമസ്, ചുരുളി എന്നിവരുടെ വീടാണ് താമസിക്കാന്‍ കഴിയാത്തവിധം തകര്‍ന്നത്. താമസിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെ ഇവര്‍ സഹായം അപേക്ഷിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ പടിക്കലെത്തി. എന്നാല്‍ അവര്‍ കൈമലര്‍ത്തി. സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധി ലഭിക്കുന്നതിനായി അപേക്ഷകള്‍ നല്‍കി. തന്നോടൊപ്പം വീട് നഷ്ടപ്പെട്ട മൂന്ന് പേര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ തുകയും ലഭിച്ചു. എന്നാല്‍ ഗണേഷന് ലഭിച്ചത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 6200 രൂപ മാത്രമായിരുന്നു. ബാക്കി തുക ലഭിക്കുന്നതിനായി താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

സര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ പണവും ലഭിച്ചാല്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായം കുടുംബത്തിന് ലഭിച്ചേനെ. എന്നാല്‍ അതും ഗണേഷന് നിഷേധിക്കപ്പെട്ടു. പ്രളയബാധിതര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താമസ സൗകര്യം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അത് നടപ്പിലാക്കാന്‍ പഞ്ചായത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിന് പ്രത്യേക ഫണ്ടോന്നും പഞ്ചായത്തിനില്ല. തന്നെയുമല്ല അത്തരമൊരു ഫണ്ട് എങ്ങനെ നല്‍കുമെന്ന് അധികൃതര്‍ക്ക് അറിയില്ലെന്നുള്ളതാണ് വാസ്തവം.