പ്രദേശത്ത് അവശേഷിച്ച  ഓലപ്പുരയാണിത്. വർഷങ്ങൾക്കു മുമ്പ് അച്ഛൻ മരിച്ചതോടെ സഹോദരിയുടെ വിവാഹം ഉൾപ്പെടെയുള്ള പ്രാരാബ്ദ്ധങ്ങൾ മനോജിന്റെ ചുമലിലായി. കുറച്ചുകാലം ഡ്രൈവറായി ജോലി ചെയ്ത ശേഷമാണ് പെയിന്റിംഗിലേക്കു മാറിയത്. ലൈഫ് പദ്ധതി പ്രകാരം വീടിനുള്ള സഹായത്തിനായി രത്നകുമാരിയും അപേക്ഷ നൽകിയിരുന്നു

ആലപ്പുഴ: തകർന്നു വീഴാൻ തയ്യാറായി നിന്ന ഓലപ്പുര പൊളിച്ച് കെട്ടുറപ്പുള്ളൊരു വീ‌ടുണ്ടാക്കാൻ 'ലൈഫ്' പദ്ധതിയിലെ നൂലാമാലകൾക്കു പിന്നാലz നടക്കവേയാണ് കാലവർഷം മനോജിന്റെ വീട് കവർന്നെടുത്തത്. ജീവിതം വഴിമുട്ടിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മനോജും അമ്മ രത്നകുമാരിയും.

പെയിന്റിംഗ് തൊഴിലാളിയായ കരുവാറ്റ പഞ്ചായത്ത് പതിനൊന്നാംവാർഡ് പുത്തൻകണ്ടത്തിൽ മനോജിന്റെ (36) വീട് കഴിഞ്ഞ 18ന് പുലർച്ചെയാണ് കനത്ത മഴയിൽ നിലംപൊത്തിയത്. ഈ സമയം സഹോദരി മഞ്ജുവും ഭർത്താവും രണ്ടു കുട്ടികളും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നു. ഭർത്തൃവീട്ടിൽ വെള്ളം കയറിയതിനെത്തുടർന്നാണ് മഞ്ജുവും കുടുംബവും ഇവിടേക്കെത്തിയത്. പുലർച്ചെ രത്നകുമാരി ഉണർന്ന സമയത്താണ് വീട് ചരിയുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ എല്ലാവരും പുറത്തിറങ്ങിയതുകൊണ്ട് മറ്റ് അപകടമൊന്നുമുണ്ടായില്ല.

പ്രദേശത്ത് അവശേഷിച്ച ഓലപ്പുരയാണിത്. വർഷങ്ങൾക്കു മുമ്പ് അച്ഛൻ മരിച്ചതോടെ സഹോദരിയുടെ വിവാഹം ഉൾപ്പെടെയുള്ള പ്രാരാബ്ദ്ധങ്ങൾ മനോജിന്റെ ചുമലിലായി. കുറച്ചുകാലം ഡ്രൈവറായി ജോലി ചെയ്ത ശേഷമാണ് പെയിന്റിംഗിലേക്കു മാറിയത്. ലൈഫ് പദ്ധതി പ്രകാരം വീടിനുള്ള സഹായത്തിനായി രത്നകുമാരിയും അപേക്ഷ നൽകിയിരുന്നു. 

ജീവിതത്തേക്കാൾ പ്രതിസന്ധികളാണ് 'ലൈഫി'ല്‍ ഇരുവരെയും കാത്തിരുന്നത്. രണ്ടുപേർക്കുമായി 27 സെന്റ് വസ്തുവാണുള്ളത്. ഇതിൽ ഒമ്പതു സെന്റ് മാത്രമേ പുരയി‌ടമുള്ളൂ. ബാക്കി തൈക്കൂനകളുള്ള മുണ്ടകപ്പാടമാണ്. 25 സെന്റിൽ കൂടുതലുണ്ടെങ്കിൽ പദ്ധതിപ്രകാരം ആനുകൂല്ല്യം ലഭിക്കില്ല. രണ്ടാളിന്റെയും പേരിൽ വസ്തു ഭാഗിച്ചാൽ പ്രശ്നം തീരുമെന്ന ഉപദേശ പ്രകാരം അമ്മയുടെ പേരിലേക്ക് എട്ടു സെന്റ് എഴുതിവച്ചു.

പ്രതീക്ഷയോടെ വീണ്ടും വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് അടുത്ത കുരുക്ക്, അപേക്ഷിക്കുന്നയാളിന്റെ പേരുമാത്രമേ റേഷൻ കാർഡിലുണ്ടാവൂ! അമ്മയുടെ പേരിൽ പുതിയ കാർഡെടുക്കണം. ഈ നെട്ടോട്ടത്തിനിടെയാണ് കാലവർഷം കനത്തതും വീട് തകർന്നതും. ഇതിനിടെ, പുതിയ വീടിന്റെ നിർമ്മാണത്തിനുള്ള സാമഗ്രികൾ വീട്ടിലെത്തിക്കാൻ പതിനായിരത്തോളം രൂപ മുടക്കി തൊട്ടടുത്തെ തോട്ടിൽ മനോജ് ഒരു തടിപ്പാലമുണ്ടാക്കിയിരുന്നു! അതും വെറുതെയായി.

ദ്രവിച്ചുനിന്ന ഓലപ്പുരയുടെ അവസ്ഥ വില്ലേജ് ഓഫീസ് അധികൃതർ മുമ്പ് നാലുതവണ കാമറയിൽ പകർത്തിയിരുന്നു. പക്ഷേ, സാങ്കേതിക പ്രശ്നങ്ങൾ വിലങ്ങുതടിയായി. ഇനി, പ്രകൃതി ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മനോജും അമ്മയും. ഫോൺ: 7356282440