Asianet News MalayalamAsianet News Malayalam

വായിൽ കുത്തിക്കയറിയ ചൂണ്ടയുമായി ദുരിതാശ്വാസ ക്യാംപിലെത്തി; നായക്ക് ശസ്ത്രക്രിയയിലൂടെ ആശ്വാസം

ആരോ മീന്‍പിടിക്കാനായി ഇറച്ചി കോഴിയുടെ അവശിഷ്ടത്തില്‍ വലിയ ചൂണ്ട തിരുകിയിരുന്നു

Kerala flood relief camp dog hook surgery
Author
Mannar, First Published Aug 14, 2019, 7:16 PM IST

മാന്നാർ: വായിൽ കുത്തിക്കയറിയ ചൂണ്ടയുമായി ദുരിതാശ്വാസ ക്യാംപിലെത്തിയ വളർത്തുനായക്ക് ശസ്ത്രക്രിയ നടത്തി, ചൂണ്ട പുറത്തെടുത്തു. ചെന്നിത്തല സൗത്ത് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് സംഭവം. 17ാം വാര്‍ഡില്‍ കൈയ്യാലയ്ക്കത്ത് സുധാകരന്‍ വളര്‍ത്തുന്ന അഞ്ച് വയസുള്ള റോക്കി എന്ന വളര്‍ത്തുനായയുടെ വായിലാണ് ചൂണ്ട കുടുങ്ങിയത്. 

ആരോ മീന്‍പിടിക്കാനായി ഇറച്ചി കോഴിയുടെ അവശിഷ്ടത്തില്‍ വലിയ ചൂണ്ട തിരുകിയിരുന്നു. ചൊവ്വാഴ്ച രാത്രി ഈ അവശിഷ്ടം കഴിക്കുന്നതിനിടയിലാണ് നായയുടെ വായില്‍ ചൂണ്ട കുടുങ്ങിയത്. ചൂണ്ട വായില്‍ കൊളുത്തിയതോടെ ആഹാരം കഴിക്കാനാകാതെയായി.

വേദന സഹിച്ച് ദുരിതാശ്വാസ ക്യാംപിലെത്തിയ നായ ക്ഷീണിതനായി കിടന്നു. സുധാകരന്റെ ഭാര്യ ഗീത ചോറുമായി എത്തി നായയെ വിളിച്ചങ്കെിലും അനക്കമുണ്ടായില്ല. തുടര്‍ന്നുള്ള പരിശോധനയിലാണ് ചൂണ്ട വായില്‍ കുടുങ്ങിയതായി കണ്ടത്. സംഭവം മൃഗാശുപത്രിയില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ ക്യാംപിലെത്തിയ ഡോ. എല്‍ സ്മിത നായയെ പരിശോധിച്ചു. രണ്ടുപ്രാവശ്യം നായക്ക് മയങ്ങാനുള്ള കുത്തിവെപ്പ് നടത്തി. ഇതിനുശേഷം ഒരുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ അതിവിദഗ്ധമായി ചൂണ്ട പുറത്തെടുത്തത്. ജെ ശ്രീലത, ഐ ജ്യോതി ലക്ഷ്മി, സി ജാരിസ, കെപി കാര്‍ത്ത്യായിനി എന്നിവരും ഡോക്ടറോടൊപ്പം ഉണ്ടായിരുന്നു.
 

Follow Us:
Download App:
  • android
  • ios