തിരുവനന്തപുരം: ഒന്‍പത് വർഷത്തെ സേവനത്തിന് ശേഷം പഴയ 108 ആംബുലൻസുകൾ ഇന്ന്  നിരത്തിൽ നിന്ന് പിൻവാങ്ങുന്നു. നിലവിൽ തിരുവനന്തപുരം ആലപ്പുഴ ജില്ലകളിൽ സർവീസ് നടത്തുന്ന ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 43 ആംബുലൻസുകളാണ് ഇന്ന് അർധരാത്രിയോടെ സർവീസ് അവസാനിപ്പിക്കുന്നത്. അത്യാഹിതങ്ങളിൽപ്പെട്ട 10 ലക്ഷം പേരുടെ ജീവനുകളാണ് ഇതുവരെ ഈ ആംബുലൻസുകൾ രക്ഷിച്ചത്. 150 പ്രസവങ്ങൾ ഇതുവരെ 108 ആംബുലൻസുകളിൽ നടന്നു. 

സംസ്ഥാനം നേരിട്ട ഓഖി, പ്രളയ ദുരന്തങ്ങളിൽ 108 ആംബുലൻസുകളുടെയും ജീവനക്കാരുടെയും സേവനം പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2010ൽ വി.എസ് സർക്കാരാണ് സംസ്ഥാനത്ത് 108 ആംബുലൻസിന്റെ സേവനം ആരംഭിക്കുന്നത്. ഇതോടെ ദേശിയ ആരോഗ്യ ദൗത്യത്തിന് കീഴിൽ രണ്ടു ജില്ലകളിലും സർവീസ് നടത്തുന്ന ആംബുലൻസുകൾ തിരികെ ആരോഗ്യവകുപ്പിന് കൈമാറും. കൈമാറുന്ന ഈ ആംബുലൻസുകൾ ഭാവിയിൽ ഒരു ആശുപത്രിയിൽ നിന്ന് അടുത്ത ആശുപത്രിയിലേക്ക് രോഗികളെ മാറ്റുന്നതിനായി ഉപയോഗിക്കാനാണ് തീരുമാനം. അടുത്തിടെ ശോചനീയ അവസ്ഥയിലുള്ള പത്ത് ആംബുലൻസുകൾക്ക് പകരം ആറ് പുതിയ ആംബുലൻസുകൾ തിരുവനന്തപുരം ജില്ലയ്ക്കും നാല് പുതിയ ആംബുലൻസുകൾ ആലപ്പുഴ ജില്ലയ്ക്കും കെ.എം.എസ്.സി.എൽ വാങ്ങി നൽകിയിരുന്നു.  

നാളെ പുലർച്ചെ മുതൽ സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായുള്ള കനിവ് 108 ആംബുലൻസുകൾ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിക്കും. എല്ലാ ജില്ലകളിലും 108 എന്ന ടോൾ നമ്പറിൽ ബന്ധപ്പെട്ടാൽ നാളെ മുതൽ അത്യാഹിതങ്ങളിൽ പെടുന്നവർക്ക് സൗജന്യ ആംബുലൻസ് ലഭ്യമാകും. പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, പൈലറ്റ് എന്നിവർ വാഹനത്തിൽ ഉണ്ടാകും. തിരുവനന്തപുരം ടെക്‌നോപാർക്കിലെ കണ്ട്രോൾ റൂം ആണ് പദ്ധതിയുടെ പ്രധാന കേന്ദ്രം. 108ൽ ലഭിക്കുന്ന കാളുകളിലെ വിവരങ്ങൾ അനുസരിച്ച് ആംബുലൻസുകളിലെ ജി പി എസ് സംവിധാനത്തിന്റെ സഹായത്തോടെ അടുത്തുള്ള ആംബുലൻസ് അയക്കും. 

അത്യാഹിതത്തിൽ പെടുന്നവർക്ക് പ്രഥമ ശുസ്രൂശ നൽകി ജീവനക്കാർ ആശുപത്രിയിൽ എത്തിക്കും.  നിലവിൽ ഈ വാഹനങ്ങളിൽ ജോലി ചെയ്യുന്ന പരിചയ സമ്പന്നരായ ജീവനക്കാരെ കനിവ് 108 ആംബുലൻസിന്റെ കരാർ ലഭിച്ച ജി വി കെ ഈ എം ആർ ഐ എന്ന സ്ഥാപനത്തിലേക്ക് ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേരള എമർജൻസി മെഡിക്കൽ പ്രോജക്റ്റ് എന്ന പേരിൽ പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിൽ തിരുവനന്തപുരത്ത് 25 അത്യാധുനിക ജീവൻരക്ഷാ സംവിധാനങ്ങൾ അടങ്ങിയ ആംബുലൻസുകൾ നിരത്തിൽ ഇറക്കുന്നത്. 2012ൽ ആലപ്പുഴ ജില്ലയിലും 18 ആംബുലൻസുകൾ പദ്ധത്തിയുടെ ഭാഗമായി നിരത്തിലിറങ്ങി. 

കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ മേൽനോട്ടത്തിൽ ചികിത്സ എന്ന കമ്പനിക്കായിരുന്നു ആദ്യം നടത്തിപ്പ് ചുമതല അഴിമതി നടത്തി എന്ന കണ്ടെത്തലിൽ 2013ൽ ജി വി കെ ഈ എം ആർ ഐ എന്ന സ്ഥാപനത്തിന് കരാർ നൽകി. എന്നാൽ സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥാപനം ക്രമക്കേട് നടത്തി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ 2015 മുതൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ 108 ആംബുലൻസ് നടത്തിപ്പ് കെ എം എസ് സി എലിന്റെ മേൽനോട്ടത്തിൽ ദേശിയ ആരോഗ്യ ദൗത്യത്തിന് കൈമാറുകയായിരുന്നു.