ഇടുക്കി: കോടതികളുടെ കുറവാണ് രാജ്യത്ത് സുതാര്യമായ നിയമ നടത്തിപ്പിന് തടസ്സമാകുന്നതെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ്. അടിമാലി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകള്‍ രജിസ്റ്റര്‍ ചെയ്യതാല്‍ മാത്രം പോര, അതിന് കൃത്യമായ പരിഹാരമുണ്ടാകുകയും സാധാരണക്കാര്‍ക്ക് നീതി ലഭിക്കുകയുംവേണം. അടിമാലിയിലെ പുതിയ മുന്‍സിഫ് കോടതിയുടെ രൂപീകരണം അതിന് കൂടുതല്‍ സഹായകരമാകുമെന്നു കരുതുന്നുവെന്നും  ജസ്റ്റിസ് പി ഉബൈദ് പറഞ്ഞു.

ഇടുക്കിയിലെ ആറാമത്തെ മുന്‍സീഫ് കോടതിയാണ് അടിമാലിയില്‍ രൂപീകൃതമായിട്ടുള്ളത്. ദേവികുളം മുന്‍സീഫ് കോടതിയുടെ പരിധിയില്‍ വരുന്ന മന്നാങ്കണ്ടം, വെള്ളത്തൂവല്‍, കുഞ്ചിത്തണ്ണി, ആനവിരട്ടി, പള്ളിവാസല്‍ എന്നീ വില്ലേജുകളിലെ സിവില്‍ കേസുകള്‍ ഇനിമുതല്‍ അടിമാലിയിലെ പുതിയ മുന്‍സീഫ് കോടതിയിലായിരിക്കും കൈകാര്യം ചെയ്യുക. അടിമാലി ബാര്‍ അസോസിയേഷന്റെ കീഴിലുള്ള കെട്ടിടത്തിലാണ് പുതിയ കോടതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി ഒരുക്കിയിട്ടുള്ളത്.

ജില്ലാ ജഡ്ജി മുഹമ്മദ് വസിം ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കോടതികളില്‍ പേപ്പര്‍ ലെസ് ഫയലിംങ്ങ് സംവിധാനം നടപ്പിലാക്കുന്ന നടപടികള്‍ക്ക് രാജ്യത്ത് തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിനനുസരിച്ച് രാജ്യത്തെ ജനങ്ങളും അഭിഭാഷകരും മാറേണ്ടിയിരിക്കുന്നുവെന്നും ജില്ലാ ജഡ്ജി കൂട്ടിച്ചേര്‍ത്തു. അടിമാലിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സുദീപ്, അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടി കെ  അനിരുദ്ധന്‍, സബ് ജഡ്ജ് എ എം അഷ്‌റഫ്, അടിമാലി ബ്ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, അടിമാലി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് റെജി മാത്യു പുതുശ്ശേരി, സെക്രട്ടറി പ്രവീണ്‍ കെ ജോര്‍ജ്, ബാര്‍ കൗണ്‍സില്‍ അംഗം ജോസഫ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.