പേരൂർക്കട – നാലാഞ്ചിറ – കരിമ്പുംകോണം- കരിയം ഭാഗത്ത് പൈപ്പിടാൻ ആരംഭിച്ച 2020 ഡിസംബർ മുതൽ ഇവിടെ ഗതാഗതം അനുവദിക്കുന്നില്ല

തിരുവനന്തപുരം: 500 മീറ്റർ സ്ഥലത്ത് രണ്ടര വർഷമായി പൈപ്പിടൽ ജോലികൾ പൂ‍ർത്തിയാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ (Human Rights Commission) രംഗത്ത്. മാർച്ച് 10 നകം ഇവിടെ പൈപ്പിടൽ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്ത്യശാസനവും നൽകി. മാർച്ച് 25 ന് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. കരുമ്പുംകോണം ക്ഷേത്രം ജംഗ്ഷൻ മുതൽ കരിയം ജംഗ്ഷൻ വരെയുള്ള റോഡ് മാർച്ച് 10 നകം ഗതാഗതയോഗ്യമാക്കണമെന്നാണ് ഉത്തരവ്.

പേരൂർക്കട – നാലാഞ്ചിറ – കരിമ്പുംകോണം- കരിയം ഭാഗത്ത് പൈപ്പിടാൻ ആരംഭിച്ച 2020 ഡിസംബർ മുതൽ ഇവിടെ ഗതാഗതം അനുവദിക്കുന്നില്ല. എന്നാൽ കൊവിഡും മഴയും കാരണമാണ് പൈപ്പിടൽ വൈകിയതെന്നാണ് ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. പൈപ്പിന്റെ ടെസ്റ്റിംഗ് കൂടി നടത്തിയ ശേഷം റോഡ് സ്ഥായിയായി പുന : സ്ഥാപിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. കരിമ്പുംകോണം മുടിപ്പുര ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി.

പൊതുമരാമത്തിന് കീഴിലുള്ള റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി

അഞ്ചുവര്‍ഷം കൊണ്ട് പൊതുമരാമത്തിന് കീഴിലുള്ള പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഇന്നലെ പറഞ്ഞു. നവീകരിച്ച ബാങ്ക് റോഡ് കുറുന്തോടി റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണപ്രവൃത്തി പൂര്‍ത്തിയാക്കിയത്. 

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ജില്ലയിലെ പ്രധാന റോഡുകളായ വടകര തിരുവള്ളൂര്‍, പേരാമ്പ്ര റോഡിനെയും, കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിനെയും ബന്ധിപ്പിക്കുന്ന 5.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രധാന റോഡാണ് ബാങ്ക് റോഡ് കുറുന്തോടി റോഡ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കരാര്‍ നല്‍കി, രണ്ട് ഘട്ടങ്ങളിലായി 5.5 കോടി ചെലവഴിച്ചാണ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. 

ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തിയും സംരക്ഷണഭിത്തികളും ഓവുചാലുകളും നിര്‍മ്മിച്ച് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് റോഡിന്റെ നവീകരണപ്രവൃത്തി‍. എം.എല്‍.എ. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ഉത്തര മേഖല നിരത്ത് വിഭാഗം സൂപ്രണ്ട് എഞ്ചിനിയര്‍ ഇ.ജി വിശ്വപ്രകാശ്, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വി.കെ ഹാഷിം, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്‌റഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി റീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വള്ളില്‍ ശാന്ത, കരിമ്പാണ്ടി ശശീധരന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ. ശശിമാസ്റ്റര്‍, പി.രജനി, പി.കെ ബിന്ദു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.