അഞ്ച് വർഷത്തോളമായി ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനം, ലേലനടപടികളും മറ്റ് കാര്യങ്ങളും പൂർത്തിയായതിനെ തുടർന്ന് പൊളിക്കാനായി ആലുവയിലേക്ക് കൊണ്ടുപോയി. ഇതിന് പുറമെ ലക്ഷങ്ങൾ വിലമതിക്കുന്ന ആറ് ആഡംബര കാറുകളും കഴിഞ്ഞ ദിവസങ്ങളിലായി ആലുവയിലേക്ക് മാറ്റിയിരുന്നു.
ചേർത്തല: കോടികളുടെ പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കൽ ഉപയോഗിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര കാരവാനും പൊലീസ് ലേലം ചെയ്തു. അഞ്ച് വർഷത്തോളമായി ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനം, ലേലനടപടികളും മറ്റ് കാര്യങ്ങളും പൂർത്തിയായതിനെ തുടർന്ന് പൊളിക്കാനായി ആലുവയിലേക്ക് കൊണ്ടുപോയി. ഇതിന് പുറമെ ലക്ഷങ്ങൾ വിലമതിക്കുന്ന ആറ് ആഡംബര കാറുകളും കഴിഞ്ഞ ദിവസങ്ങളിലായി ആലുവയിലേക്ക് മാറ്റിയിരുന്നു.
മോൻസൻ ഏറ്റവും കൂടുതൽ സഞ്ചരിച്ചിരുന്നത് ഈ കാരവാനിലായിരുന്നു. അനേകം സാമ്പത്തിക ഇടപാടുകൾക്കും രഹസ്യ ചർച്ചകൾക്കും സാക്ഷ്യം വഹിച്ച വാഹനത്തിന്റെ അവസാന അധ്യായമാണ് ഇതോടെ പൂർത്തിയാകുന്നത്. വലിയ എൽഇഡി ടിവി, ഫ്രിഡ്ജ്, വിലപിടിപ്പുള്ള വാൾ ക്ലോക്ക്, കട്ടിൽ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ എന്നിവ ഇപ്പോഴും നശിക്കാതെ വാഹനത്തിനുള്ളിൽ തന്നെയുണ്ട്. അന്തർ സംസ്ഥാന രജിസ്ട്രേഷനുള്ള ഈ വാഹനത്തിന്റെ സ്റ്റിയറിങ് ഇടതുവശത്താണെന്നതും മറ്റൊരു പ്രത്യേകതയാണ്.
ഇത്രയുമധികം വാഹനങ്ങൾ ഉപയോഗിച്ചിട്ടും ഒന്നുപോലും മോൻസൻ മാവുങ്കലിന്റെ പേരിലില്ല. ലക്ഷങ്ങൾ വിലമതിക്കുന്ന മറ്റ് രണ്ട് ആഡംബര കാറുകൾ ചേർത്തല വല്ലയിലെ വസതിയിൽ ഇപ്പോഴും കിടന്ന് തുരുമ്പിക്കുന്നുണ്ട്. ഭാര്യയുടെ മരണശേഷം ചേർത്തലയിലെ ഈ വീട് ആൾതാമസമില്ലാതെ കിടക്കുകയാണ്. അപൂർവ പുരാവസ്തുക്കളുടെ വില്പനക്കാരനുമാണെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് മോൻസനെതിരായ കേസ്. ചരിത്രപ്രാധാന്യമുള്ള പുരാവസ്തുക്കളും അപൂർവ നാണയങ്ങളും മതപരമായ വിശുദ്ധ വസ്തുക്കളും കൈവശമുണ്ടെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിക്കുകയും വൻലാഭം വാഗ്ദാനം ചെയ്യുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.


