കോഴിക്കോട്: വടക്കൻ കേരളത്തിൽ അവസാനമണിക്കൂറിൽ ആവേശത്തോടെ പോളിംഗ് പുരോഗമിക്കുകയാണ്. മറ്റ് ഘട്ടങ്ങളെ അപേക്ഷിച്ച് അവസാനഘട്ടമായ മൂന്നാംഘട്ടത്തിലാണ് ഏറ്റവുമുയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 78 പോളിംഗ് ശതമാനമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി ആകെ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇപ്പോഴും വടക്കൻ കേരളത്തിൽ മിക്ക ബൂത്തുകളിലും നീണ്ട നിരയാണ് കാണുന്നത്.

അവസാന അരമണിക്കൂറിൽ മിക്ക ബൂത്തുകളിലും കൊവിഡ് രോഗികളെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. അവസാനമിനിറ്റുകളിലും നിരവധിപ്പേർ വോട്ട് രേഖപ്പെടുത്താൻ കാത്ത് നിൽക്കുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. അവസാനമെത്തിയവർക്കെല്ലാം ടോക്കൺ കൊടുത്താണ് വോട്ട് ചെയ്യിച്ചത്.

സ്ത്രീകൾ ഏറ്റവും കൂടുതൽ വോട്ട് ചെയ്ത ഘട്ടമാണിത്. പുരുഷൻമാർ ആകെ 75.37% ആണ് വോട്ട് ചെയ്തത്. 78.78 ശതമാനം സ്ത്രീകൾ മൂന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി.

ഏറ്റവുമൊടുവിൽ ലഭ്യമായ പോളിംഗ് ശതമാനം ഇങ്ങനെയാണ്:

ആകെ നാല് ജില്ലകളിലെ പോളിംഗ് ശതമാനം - 77.11

കാസർഗോഡ് - 75. 62
കണ്ണൂർ - 76.83
കോഴിക്കോട് - 77.32
മലപ്പുറം - 77.59

കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും (ഏറ്റവുമൊടുവിൽ ലഭ്യമായ) പോളിംഗ് ശതമാനത്തിന്‍റെ താരതമ്യം ഇങ്ങനെയാണ്:

ആന്തൂർ നഗരസഭയിലടക്കം അവസാനമണിക്കൂറുകളിൽ റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. കണ്ണൂരിലും, കോഴിക്കോട് വടകര, നാദാപുരം മേഖലകളിൽ വിവിധ ഇടങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

പ്രാദേശികവിഷയങ്ങൾക്കൊപ്പം, യുഡിഎഫിന്‍റെ വെൽഫെയർ പാർട്ടി ബന്ധം അടക്കം നിരവധി വിഷയങ്ങൾ ചർച്ചയായ തെരഞ്ഞെടുപ്പിൽ ആവേശപൂർവം വോട്ടർമാർ വിധിയെഴുതാനെത്തിയപ്പോൾ, തദ്ദേശതെരഞ്ഞെടുപ്പ് എന്നതിനപ്പുറം രാഷ്ട്രീയപോരാട്ടം തന്നെയായിരുന്നു വടക്കൻ കേരളത്തിൽ. 

തത്സമയസംപ്രേഷണം:

വോട്ടെടുപ്പിനിടെ സംഘർഷം

വോട്ടെടുപ്പിനിടെ വടക്കൻ കേരളത്തിൽ പലയിടത്തും സംഘ‍ർഷങ്ങളും റിപ്പോർട്ട് ചെയ്തു. നാദാപുരത്ത് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മലപ്പുറത്ത് ഇടത് - വലത് സംഘർഷത്തിൽ യുഡിഎഫിന്‍റെ വനിതാസ്ഥാനാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കൊടിയത്തൂരിൽ വെൽഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി. 

പരിയാരത്ത് ബൂത്ത് ഏജന്‍റിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതിയുയർന്നു. ആന്തൂരിൽ സിപിഎം - ലീഗ് സംഘർഷമുണ്ടായതിനെത്തുടർന്ന് അൽപസമയം വോട്ടെടുപ്പ് തടസ്സപ്പെട്ടു. കണ്ണൂർ പാണപ്പുഴയിലടക്കം ചിലയിടങ്ങളിൽ കള്ളവോട്ടിന് ശ്രമമുണ്ടായെന്ന പരാതിയുയർന്നു. ഇതിൽ ഒരാളെ പൊലീസ് പിടികൂടി. കണ്ണൂര്‍ കടന്നപ്പള്ളിയിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ച ലീഗ് പ്രവര്‍ത്തകനാണ് പിടിയിലായത്. 

കണ്ണൂർ മുഴക്കുന്നിൽ ആറ് ബോംബുകൾ പിടികൂടി.

കോഴിക്കോട് ബേപ്പൂരില്‍ വോട്ടുചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ബേപ്പൂര്‍ സ്വദേശി ദേവിയാണ് മരിച്ചത്. മലപ്പുറം പള്ളിക്കലില്‍ ബുത്ത് ഏജന്‍റ് മരിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് 19ആം വാര്‍ഡ് യുഡിഎഫ് ഏജന്‍റായിരുന്ന അസൈന്‍ സാദിഖാണ് മരിച്ചത്.

കോഴിക്കോട് കോടഞ്ചേരിയില്‍ ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി. കോടഞ്ചേരി പഞ്ചായത്ത് പത്തൊൻപതാം വാർഡ്‌ ബിജെപി സ്ഥാനാർഥി വാസു കുഞ്ഞനെയാണ് കാട്ടുപന്നി കുത്തിയത്. ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ പെരുമ്പയിൽ പ്രിസൈഡിങ്ങ് ഓഫീസര്‍ കുഴഞ്ഞൂവീണു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. വിവിധ ജില്ലകളിലായി ചിലയിടങ്ങളില്‍ വോട്ട് യന്ത്രം തകരാറിലായത് പോളിങ്ങിനെ ബാധിച്ചു. ഇവിടങ്ങളില്‍ യന്ത്രത്തകരാറ് പരിഹരിച്ച് പോളിങ്ങ് തുടർന്നു.

വടക്കൻ കേരളത്തിലെ കനത്ത പോളിംഗ് രാഷ്ട്രീയപ്പാർട്ടികളുടെ പ്രതീക്ഷകൾ വാനോളമുയർത്തി. ഇടതുപക്ഷത്തെ ഉലയ്ക്കാൻ ശ്രമിച്ചവർ ഫലം വരുമ്പോൾ ഉലയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരുമുന്നണികൾക്കുമെതിരായ ജനവികാരമാണ് ഉയർന്ന പോളിങ്ങിൽ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അവസരവാദ രാഷ്ട്രീയത്തിന് തിരിച്ചടിയേൽക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം.