ആലുവയിലെ കുട്ടി നൊമ്പരമായി കേരളത്തിന് മുന്നിൽ നിൽക്കുമ്പോഴാണ് അരക്ഷിത സാഹചര്യങ്ങളിൽ അതിഥി തൊഴിലാളികളുടെ മക്കൾ കഴിയുന്ന കാഴ്ച പുറത്തേക്ക് വരുന്നത്
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളിൽ സ്കൂളുകളിൽ പോകാതെ വീടുകളിൽ ഒറ്റയ്ക്കിരിക്കുന്നവരുടെ എണ്ണം ഉയരുന്നു. പെരുമ്പാവൂരിൽ അമ്മയ്ക്കൊപ്പം പ്ലൈവുഡ് കമ്പനിയിലെത്തിയ നാല് വയസ്സുകാരി മാലിന്യകുഴിയിൽ വീണ് മരിച്ചതിന് പിന്നാലെ കുട്ടികളെ പ്രവേശിപ്പിക്കുന്നത് കമ്പനികൾ വിലക്കിയതാണ് കാരണം. ആധാർ കാർഡ് ഇല്ലാത്തതും അച്ഛനമ്മമാരുടെ നീളുന്ന തൊഴിൽ സമയങ്ങളും കുട്ടികളെ അപായമുനമ്പിൽ നിർത്തുകയാണ്.
സ്കൂളിൽ ചേർക്കാൻ ആധാർ കാർഡ് വേണമെന്ന് ടീച്ചർ പറഞ്ഞതിനാൽ ജോലിക്ക് പോകുന്ന സമയത്ത് മക്കളെ വീട്ടിലാക്കുമെന്നാണ് റുബീന ബീഗം എന്ന അതിഥി തൊഴിലാളി പറയുന്നത്. പ്ലൈവുഡ് കമ്പനിയിൽ അപകടത്തിൽ മരിച്ച കുട്ടിയുടെ അമ്മയടക്കം അതിഥി തൊഴിലാളികൾക്കെല്ലാം ഒരേ കാര്യമാണ് പറയാനുള്ളത്.
മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ ആൺകുട്ടികൾ മുറ്റത്ത് കളിക്കും. പെൺകുട്ടികളാണെങ്കിൽ വീടിനുള്ളിൽ അടച്ചിരിക്കും. അച്ഛനമ്മാരുടെ തൊഴിൽ സ്ഥലങ്ങൾ തുടർച്ചയായി മാറുന്നതും ഭാഷാ പ്രശ്നവും 12 മണിക്കൂർ വരെ നീളുന്ന അച്ഛനമ്മമാരുടെ തൊഴിൽ സമയവുമെല്ലാം സ്കൂളിൽ പോകാതിരിക്കാൻ കാരണങ്ങളാണ്. എന്നാൽ റുബീന ബീഗത്തിന്റെ മക്കൾക്ക് സ്കൂളിൽ പ്രവേശനം കിട്ടാത്തത് ആധാർ കാർഡ് ഹാജരാക്കിയില്ലെന്ന കാരണം പറഞ്ഞാണ്.
ഇടുങ്ങിയ ലൈൻ മുറികളാണ് വലിയ ശതമാനം ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങൾ കഴിച്ച് കൂട്ടുന്നത്. ആലുവയിലെ കുട്ടിയുടെ അനുഭവം ഇനിയും ആവർത്തിക്കാൻ സാധ്യതകളേറെയാണ്. അച്ഛനമ്മമാരുടെ കണ്ണൊന്ന് തെറ്റിയാൽ തൊട്ടടുത്തുള്ള മുറികളിൽ നിന്ന് തന്നെ കുട്ടികളുടെ നേരെ അപായ കരങ്ങളെത്തിയേക്കും.
