കോഴിക്കോട്: പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളുടെ ഭാഗമായി പല ബോധവത്ക്കരണ പരിപാടികളും സാധാരണമാണ്. എന്നാൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത് കോഴിക്കോട് സിറ്റി പൊലീസ് തയ്യാറാക്കിയ പ്രൊമോ വീഡിയോ ആണ്. പൊതുജനങ്ങളിൽ പലരും ഭയത്തോടെ സമീപിച്ചിരുന്ന പൊലീസുകാർ ഇന്ന് അവർക്ക് എത്രത്തോളം പ്രിയപ്പെട്ടവരാണെന്ന് കാട്ടിത്തരുകയാണ് കോഴിക്കോട് പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന  പ്രൊമോ വീഡിയോ.

കൂടാതെ കോഴിക്കോട് നഗരത്തിലെ പ്രധാന സ്ഥലങ്ങളും ഭക്ഷണപ്പെരുമയുമെല്ലാം അതി മനോഹരമായി ദൃശ്യവൽക്കരിച്ചിട്ടുണ്ട്.
പ്രൊമോ വീഡിയോയ്ക്കു പിന്നിലും പ്രവർത്തിച്ചിരിക്കുന്നത് പൊലീസുകാർ തന്നെയാണ്. തിയ്യേറ്റര്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം പൊലീസ് സേനയിലെത്തിയ ശരത് കോവിലകം ആണ് പ്രൊമോ വീഡിയോ ഒരുക്കിയിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും, സുഡാനി ഫ്രം നൈജീരിയ, മിഖായേൽ, ഒരു കുപ്രസിദ്ധ പയ്യൻ, സിദ്ധാർഥൻ എന്ന ഞാൻ എന്നീ ചിത്രങ്ങളിലൂടെ അഭിനയ രംഗത്തും തന്റെതായ സാന്നിധ്യമുറപ്പിച്ച ശരത് ഇപ്പോൾ സ്വന്തമായൊരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അനൂപ് പൂന്തോട്ടത്തിലും അഖിലേഷ് ലക്ഷ്മി ചന്ദ്രനുമാണ് പ്രൊമോ വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

വ്യത്യസ്തമായ ഈ ആശയത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് നവീൻ നെല്ലൂലിമീതലും രഘീഷ് പറക്കോട്ടുമാണ്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ജനശ്രദ്ധ നേടുകയാണ് വീഡിയോ. ജൂൺ 20 നാണ് കോഴിക്കോട് സിറ്റി പൊലീസ് അസോസിയേഷന്റെ 36ാമത് ജില്ലാ സമ്മേളനം.