ഡിജിപി വാഹന പരിശോധനയ്ക്കായി പ്രത്യേകം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഡിജിപിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമാകുന്നു.
കോവളം: വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കബളിപ്പിച്ച് പോകുന്ന വാഹനങ്ങളെ പൊലീസ് പിന്തുടര്‍ന്നും മറ്റും ഉണ്ടായ വാഹനാപകടങ്ങളില്‍ കേരളത്തില്‍ നിരവധി പേരാണ് മരിച്ചത്. ഇതേ തുടര്‍ന്നാണ് ഡിജിപി വാഹന പരിശോധനയ്ക്കായി പ്രത്യേകം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
എന്നാല്‍ ഡിജിപിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. കോവളം ബൈപാസിലെ വഴമുട്ടം ഭാഗത്താണ് ഡിജിപിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ അവഗണിച്ചും നിയമം ലംഘിച്ചുമുള്ള വാഹനപരിശോധന പൊടിപൊടിക്കുന്നതെന്നാണ് പരാതി.
ഒരു സമയം ഒന്നിൽ കൂടുതൽ വാഹനങ്ങൾ തടഞ്ഞ് നിറുത്തി പരിശോധിക്കരുതെന്ന നിർദ്ദേശം ഇവിടെ ബാധകമല്ല. വാഹനങ്ങൾക്കടുത്തെത്തി വേണം പരിശോധന നടത്താനെന്ന നിർദ്ദേശങ്ങളും പൊലീസ് അവഗണിക്കുകയാണ്. മാത്രമല്ല ബൈപാസിലെ സ്പീഡ് ട്രാക്കിൽ പൊലീസ് വാഹനം നിറുത്തിയിട്ടാണ് വാഹന പരിശോധന നടത്തുന്നതെന്ന പരാതിയും വ്യാപകമാണ്.
തടഞ്ഞിടുന്ന വാഹനങ്ങളും സ്പീഡ് ട്രാക്കിൽ തന്നെയാണ് നിറുത്തിയിടുന്നത്. ഇങ്ങനെ വാഹനങ്ങൾ നിറുത്തിയിടുന്നതും ബൈപാസിൻറെ ഇടതുവശത്ത് നിറുത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് ഡ്രൈവര്‍മാര്‍ റോഡ് മുറിച്ച് കടന്ന് മറുവശത്തുള്ള പൊലീസ് വാഹനത്തിനടുത്തെത്തി രേഖകൾ കാണിക്കുകയോ പിഴയടക്കുകയോ ചെയ്യേണ്ടി വരുന്നത്.
ഇത് അപകടം സൃഷ്ടിക്കുമെന്ന ആശങ്കയും ഉയർത്തുന്നു. ബൈപാസിലെ അമിത വേഗതക്കാരെ കണ്ടെത്താൻ ക്യമറയുമായി നില്‍ക്കുന്ന ഇന്‍റർസെപ്റ്റർ ജീപ്പിലെ പൊലീസുകാരാണ് സ്പീഡ് ട്രാക്കിൽ വാഹനം നിറുത്തിയിട്ട് നിയമ ലംഘനം നടത്തി, നിയമലംഘകരെ പിടികൂടുന്നത്.
