പാലാരിവട്ടത്ത് നിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ തൈക്കൂടത്തെത്തി യു ടേൺ എടുത്ത് ഫ്രീ ലെഫ്റ്റ് ഉപയോഗിച്ച് പോകണം. ഇത് വഴി 12 മിനിറ്റെങ്കിലും ലാഭിക്കാമെന്നാണ് പൊലീസ് പറയുന്നത്

കൊച്ചി: മേൽപ്പാലം വന്നിട്ടും ഗതാഗത കുരുക്ക് അഴിയാത്ത വൈറ്റിലയിൽ (Vyttila Over Bridge) പുതിയ ട്രാഫിക് പരിഷ്കാരവുമായി പൊലീസ്. ജംഗ്ഷനിലേക്കെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് കർശന നടപടികൾ തുടങ്ങും. വരുന്ന ഞായർ മുതലാണ് പുതിയ ക്രമീകരണം. മേൽപ്പാലം ജനങ്ങൾക്കായി തുറന്ന് കൊടുത്ത് ഒരു വർഷമാകുമ്പോഴാണ് ഗതാഗതകുരുക്ക് കുറയ്ക്കാനായി പുതിയ പരിഷ്കാരങ്ങൾ. 

Add Asianetnews as a Preferred SourcegooglePreferred

മേൽപ്പാലം വന്നിട്ടും വൈറ്റിലയിലെ കുരുക്കിന് ഒരു മാറ്റമില്ലെന്നതായിരുന്നു യാഥാർത്ഥ്യം. പരാതികൾ പെരുകിയതോടെയാണ് പൊലീസിന്‍റെ നടപടികൾ. പാലാരിവട്ടം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ജംഗ്ഷനുകൾ കടക്കുന്നതിൽ വലിയ പ്രതിസന്ധിയാണ് നിലവിലെ പ്രധാന പ്രശ്നം. ഇത് പരിഹരിക്കാൻ പാലാരിവട്ടത്ത് നിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ തൈക്കൂടത്തെത്തി യു ടേൺ എടുത്ത് ഫ്രീ ലെഫ്റ്റ് ഉപയോഗിച്ച് പോകണം. ഇത് വഴി 12 മിനിറ്റെങ്കിലും ലാഭിക്കാമെന്നാണ് പൊലീസ് പറയുന്നത്. 

ജംഗ്ഷനിൽ നിന്ന് നേരിട്ട് വലത് വശത്തേക്ക് തിരിയാൻ അനുവദിക്കില്ല.തൃപ്പൂണിത്തുറ ഭാഗത്തേക്ക് ഫ്രീ ലെഫ്റ്റ് തടസ്സമില്ലാതെ ഉറപ്പാക്കാനാണ് ശ്രമം. പൊന്നുരുന്നി ഭാഗത്ത് നിന്ന് എസ് എ റോഡ് വഴിയും തൃപ്പൂണിത്തുറ റോഡ് വഴിയും ആലപ്പുഴ ഭാഗത്തേക്ക് പോകാം. നിയന്ത്രണം തെറ്റിച്ചെത്തുന്നവരെ വഴി തിരിച്ച് വിടാനും പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ആലപ്പുഴ എറണാകുളം തൃപ്പൂണിത്തുറ ഭാഗങ്ങളിൽ നിന്ന് വരുന്നവർ നിലവിലുള്ള ട്രാഫിക് സംവിധാനത്തിലൂടെ തന്നെ ജംഗ്ഷൻ കടക്കണം.

ജംഗ്ഷനോട് ചേർന്ന് ബസ്സുകൾ നിർത്തുന്നത് വിലക്കിയിട്ടുണ്ട്.ഇല്ലെങ്കിൽ പിഴ ഈടാക്കും. പരിഷ്കാരം വരുന്ന ഞായറാഴ്ച മുതൽ ഒരാഴ്ച സമയത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം. തുടർന്ന് വിലയിരുത്തലിന് ശേഷം രീതി ക്രമീകരിക്കും. പുതിയ ട്രാഫിക് പരിഷ്കാരത്തിലൂടെ വൈറ്റിലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.