Asianet News MalayalamAsianet News Malayalam

ഡ്രോൺ ഫോറൻസിക് സെന്റർ ഉദ്ഘാടനം; പറത്തി വിട്ട ഡ്രോൺ മരത്തില്‍ കുടുങ്ങി

പുതിയ തരത്തിലുള്ള ആക്രമണ രീതികള്‍ വിജയകരമായി തരണം ചെയ്യുന്നതിന് വേണ്ടിയാണ് കേരള പോലീസ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയിരിക്കുന്നത് എന്ന് ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. 

kerala-police-open-drone-forensics-lab inauguration drone stuck in a tree
Author
Thiruvananthapuram, First Published Aug 14, 2021, 6:48 AM IST

തിരുവനന്തപുരം : കേരള പോലീസിന്‍റെ ഡ്രോൺ ഫോറൻസിക് ലാബ് ആന്റ് റിസേർച്ച് സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതിന് പിന്നാലെ  പറത്തി വിട്ട ഡ്രോൺ നിയന്ത്രണം വിട്ട് സമീപത്തുള്ള മരത്തിൽ കുടുങ്ങി. ഇന്ധനം തീർന്നതിനാൽ ഡ്രോൺ മരത്തിന് മുകളിൽ സേഫ് ലാന്റ് ചെയ്തു എന്നാണ് ഡ്രോൺ നിർമ്മാണ കമ്പനി നൽകിയ വിശദീകരണം. 

ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.  ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുക, ഉപകരണത്തിന്റെ മെമ്മറി ശേഷി, എന്നിവയ്‌ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ഗവേഷണ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരളാ പോലീസ് ഉദ്ദേശിക്കുന്നതായി പിണറായി വിജയൻ കൂട്ടിച്ചേർത്തു. ചാരവൃത്തിക്കും കളളക്കടത്തിനും മാത്രമല്ല ഭീകരവാദം പോലെയുളള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios