തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, പുതുക്കോട്ടൈ എന്നിവിടങ്ങളാണ് ശക്തമായ കാറ്റും മഴയും മണ്ണിടിച്ചിലും മൂലം ഏറെ ദുരിതത്തിലായത്. പല ഗ്രാമങ്ങളും ഗതാഗതസൗകര്യങ്ങള്‍ നിലച്ച് ഒറ്റപ്പെട്ടുപോയ നിലയിലാണ്. കുടിവെള്ളവും ഭക്ഷണവും പോലുമില്ലാതെ ആയിരങ്ങള്‍ വലയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരണം 46 ആയെന്ന് സര്‍ക്കാര്‍ സ്ഥിരീകരണം. രണ്ടര ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായും സര്‍ക്കാര്‍ അറിയിക്കുന്നു. സംസ്ഥാനത്ത് ഏതാണ്ട് 500ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. 

തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, പുതുക്കോട്ടൈ എന്നിവിടങ്ങളാണ് ശക്തമായ കാറ്റും മഴയും മണ്ണിടിച്ചിലും മൂലം ഏറെ ദുരിതത്തിലായത്. പല ഗ്രാമങ്ങളും ഗതാഗതസൗകര്യങ്ങള്‍ നിലച്ച് ഒറ്റപ്പെട്ടുപോയ നിലയിലാണ്. കുടിവെള്ളവും ഭക്ഷണവും പോലുമില്ലാതെ ആയിരങ്ങള്‍ വലയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ദുരിതം വിതച്ച തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലേക്ക് സഹായമെത്തിക്കാന്‍ കേരളവും കൈകോര്‍ക്കാനൊരുങ്ങുകയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റികളും സംയുക്തമായാണ് സഹായമെത്തിക്കുന്നത്. കുടിവെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങള്‍, മെഴുകുതിരി, ടാര്‍പ്പോളിന്‍ മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയാണ് എത്തിക്കുന്നത്. 

പ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങൊരുക്കിയ തമിഴ്‌നാടിന് സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് തമിഴ്‌നാട്ടിലെ നോഡല്‍ ഓഫീസര്‍മാരായ തഹസില്‍ദാര്‍മാരെയും ബന്ധപ്പെടാവുന്നതാണ്. തിരുവാരൂര്‍- രാജന്‍ ബാബു 9443663922, ചൊക്കനാഥന്‍ 9443663164, തഞ്ചാവൂര്‍- സുരേഷ് 9655563329, നാഗപട്ടണം- മോഹന്‍ 9442180785, പുതുക്കോട്ടൈ- തമിഴ്മണി 9443286197- എന്നിവരെയാണ് ബന്ധപ്പെടേണ്ടത്.