നാടിന്‍റെ സ്നേഹം സഹായധനമായെത്തി, കരൾ മാറ്റിവയ്ക്കാൻ എല്ലാം തയ്യാർ; പക്ഷേ കാത്തുനിൽക്കാതെ അജീഷ് യാത്രയായി
അജീഷിന്റെ ചികിത്സക്കായി നാട്ടുകാർ സഹായ നിധി സമാഹരിച്ച് വരുകയയിരുന്നു. വാർഡുകളിൽ നിന്ന് ഇതിനകം 6 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു

കുട്ടനാട്: നാടിന്റെ സഹായത്തിന് കാത്ത് നിൽക്കാതെ അജീഷ് യാത്രയായി. കരൾ രോഗബാധിതനായ തലവടി 11-ാം വാർഡിൽ മുണ്ടുകാട്ട് വീട്ടിൽ രാമചന്ദ്രന്റെ മകൻ അജീഷ് കുമാറാണ് (40) നാടിന്റ സഹായത്തിന് കാത്ത് നിൽക്കാതെ യാത്രയായത്. അടുത്ത ദിവസം കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിയിരുന്ന അജീഷാണ് മരണത്തിന് കീഴടങ്ങിയത്.
അജീഷിന്റെ ചികിത്സക്കായി നാട്ടുകാർ സഹായ നിധി സമാഹരിച്ച് വരുകയയിരുന്നു. കഴിഞ്ഞ 5 ന് തലവടി 8, 9, 10, 11,1 2, 13 വാർഡുകളിൽ നിന്ന് 6 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു. രണ്ടാം ഘട്ടമായി മറ്റ് വാർഡുകളിലേക്ക് പോകുന്നത് സംബന്ധിച്ച ആലോചന നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അജീഷ് കഴിഞ്ഞ രണ്ടര മാസമായി എറണാകുളം അമ്യത മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
സംസ്കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് സഹോദരൻ സന്തോഷിന്റെ വസതിയിൽ. മാതാവ്: രഗ്നമ്മ. ഭാര്യ: മായാദേവി. പ്ലസ് വൺ വിദ്യാർഥിയായ ഏകമകൻ അഭിജിത്ത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നടൻ മമ്മൂട്ടിയുടെ സഹായഹസ്തങ്ങൾ ശ്രീജയ്ക്ക് തുണയാകുന്നു എന്നതാണ്. ജന്മനാ ഒരു കണ്ണിന് കാഴ്ചയില്ലാത്ത ശ്രീജയ്ക്ക് ഒന്‍പതാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണിലേക്കുള്ള ഞരമ്പ് ദ്രവിച്ച് അടുത്ത കണ്ണിനും കാഴ്ച നഷ്ടമായിരുന്നു. പരസഹായം ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ശ്രീജയ്ക്ക്. ദുരിതം പേറിയുള്ള ശ്രീജയുടെ ഈ ജീവിതം ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ആക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടിയും പത്തനാപുരം ഗാന്ധിഭവനും ചേർന്ന് ശ്രീജയെ ഏറ്റെടുക്കാന്‍ തീരുമാനിക്കുക ആയിരുന്നു. കാഞ്ഞൂർ തിരുനാരായണപുരം മാവേലി വീട്ടിൽ പരേതനായ കുട്ടപ്പന്റെയും അമ്മിണിയുടെയും മൂന്ന് പെൺമക്കളിൽ രണ്ടാമത്തെ ആളാണ് ശ്രീജ (37). ശ്രീജയ്ക്ക് ജന്മനാൽ ഒരു കണ്ണിന് കാഴ്ചയില്ല. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണിലേക്കുള്ള ഞരമ്പ് ദ്രവിച്ച് അടുത്ത കണ്ണിനും കാഴ്ച നഷ്ടമായി. ഇതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. നിർധന കുടുംബം ആയതിനാൽ കാര്യമായ ചികിത്സ നടന്നില്ല. ശ്രീജയ്ക്ക് ഇടയ്ക്ക് കണ്ണുകൾക്കു വേദന വരും. വേദന സഹിക്കാൻ കഴിയാതെ ഉറക്കെ കരയും. ഒന്നും ചെയ്യാൻ കഴിയാതെ അമ്മിണി അടുത്തിരുന്ന് നിശ്ശബ്ദമായി കരയും. ഇവരുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസിലൂടെ അറിഞ്ഞ മമ്മൂട്ടി ശ്രീജയുടെ ചികിത്സ ഏറ്റെടുക്കാൻ തയ്യാറാകുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തുണയായി, മമ്മൂട്ടി ഇടപെട്ടു, ദുരിതക്കടലിൽ നിന്നും ശ്രീജക്ക് മോചനം