കേരളീയം ട്രേഡ് ഫെയര്‍: എട്ടുവേദികള്‍, നാനൂറിലേറെ സ്റ്റാളുകള്‍, പ്രവേശനം സൗജന്യം
നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയായിരിക്കും ട്രേഡ് ഫെയര്‍.

തിരുവനന്തപുരം: എട്ടുവേദികളിലായി നാനൂറിലേറെ സ്റ്റാളുകളുമായി കേരളീയത്തിന്റെ ട്രേഡ് ഫെയര്‍ നടക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു. പുത്തരിക്കണ്ടം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, യൂണിവേഴ്സിറ്റി കോളേജ്, ടാഗോര്‍ തിയേറ്റര്‍, എല്‍.എം.എസ്, ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഹാള്‍, വിമന്‍സ് കോളേജ് എന്നീ വേദികളിലാണ് വ്യവസായ വാണിജ്യ പ്രദര്‍ശന മേള നടക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
പുത്തരിക്കണ്ടത്ത് വ്യാവസായികോല്‍പന്ന പ്രദര്‍ശന വിപണനമേള, സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പരമ്പരാഗത ഉല്‍പ്പന്ന പ്രദര്‍ശ വിപണന മേള, കനകക്കുന്നില്‍ വനിതാ സംരംഭകരുടെ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള, യൂണിവേഴ്സിറ്റി കോളേജില്‍ എത്നിക് ട്രേഡ് ഫെയര്‍, ടാഗോര്‍ തിയേറ്ററില്‍ ഉല്‍പന്ന പ്രദര്‍ശ വിപണന മേള, എല്‍.എം.എസില്‍ കാര്‍ഷിക ഉല്‍പന്ന പ്രദര്‍ശ വിപണന മേള, ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഹാളില്‍ ടോയ്‌സ് ആന്‍ഡ് പ്രസന്റേഷന്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള, വിമന്‍സ് കോളേജില്‍ ഫ്ളീ മാര്‍ക്കറ്റ് എന്നിങ്ങനെയാണ് മേള ഒരുക്കിയിരിക്കുന്നത്. ആകെ 425 സംരംഭകര്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
'നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയായിരിക്കും ട്രേഡ് ഫെയര്‍ സംഘടിപ്പിക്കുന്നത്. എല്ലാ വേദികളിലേക്കും പ്രവേശനം സൗജന്യമായിരിക്കും. തുണിത്തരങ്ങള്‍, കാര്‍ഷിക-ഭക്ഷ്യ സംസ്‌ക്കരണ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍, കയര്‍-കൈത്തറി ഉത്പ്പന്നങ്ങള്‍, ആയുര്‍വേദ ഉത്പ്പന്നങ്ങള്‍, റബര്‍ അധിഷ്ടിത ഉല്‍പന്നങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍, മുള ഉല്‍പന്നങ്ങള്‍, ഗാര്‍ഹിക ഉല്‍പന്നങ്ങള്‍, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പന്നങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ ഉല്‍പന്നങ്ങള്‍ മേളയില്‍ എത്തും. സംരംഭകരില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ നേരിട്ടു വാങ്ങാനാവും. മേളയുടെ ഭാഗമായി ബിസിനസ് ടു ബിസിനസ് മീറ്റും സംഘടിപ്പിക്കും. വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ആരോഗ്യമേഖലയിലെ ബിടുബി മീറ്റുകളില്‍ ഇരുനൂറോളം ബയേഴ്സ് പങ്കെടുക്കുമെന്നാണ് കരുതുന്നത്.' കൂടാതെ സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ പദ്ധതികളെ കുറിച്ച് സെമിനാറും മേളയുടെ ഭാഗമായി നടക്കുമെന്ന് മന്ത്രി അറിയിച്ചു.