കല്‍പ്പറ്റ: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ വയനാട്ടിലെ ആരോഗ്യവകുപ്പിന് വെല്ലുവിളിയായി കുരങ്ങുപനിയും. ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ജില്ല. അതിനിടെ കുരങ്ങുപനിയുടെ ഹോട്ട് സ്‌പോട്ടായി മാറുകയാണ് തിരുനെല്ലി പഞ്ചായത്ത്. ഈവര്‍ഷം രോഗം സ്ഥിരീകരിച്ച 19 പേരില്‍ 16 ഉം തിരുനെല്ലി പഞ്ചായത്തില്‍നിന്നുള്ളവരാണ്. രണ്ടുമരണവും ഈ പഞ്ചായത്തിലാണ്. 

അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലെ നാരാങ്ങാക്കുന്ന് കോളനി, ബേഗൂര്‍ കോളനി, മണ്ണുണ്ടി കോളനി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിലെല്ലാം കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. രോഗവ്യാപനം തടയാനായി പഞ്ചായത്തുടനീളം ആരോഗ്യ വകുപ്പ് പ്രതിരോധകുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി ബുധനാഴ്ച 3000 ഡോസ് വാക്‌സിന്‍ കര്‍ണാടകയിലെ ശിവമോഗയില്‍ നിന്ന് എത്തിച്ചു. 

Read More:  എന്താണ് കുരങ്ങുപനി? ലക്ഷണങ്ങള്‍ ഇവയാണ്... 

അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം, ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് കുത്തിവെപ്പ് ക്യാമ്പുകള്‍. തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 6700-ലധികം പേര്‍ക്ക് ഇതിനോടകം കുത്തിവെപ്പ് നല്‍കി കഴിഞ്ഞു. അതേ സമയം വേനല്‍ കടുത്താല്‍ രോഗവ്യാപനത്തിന് സാധ്യത കുടുതലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ആവശ്യമുള്ളവര്‍ കുരങ്ങുപനിക്കെതിരെയുള്ള കുത്തിവെപ്പ് എടുക്കണമെന്നും വനത്തില്‍ പോകുന്നത് പരമാവധി ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തിയാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.