ലോകത്ത് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണാനന്തര അവയവദാനം നടക്കുന്ന സ്‌പെയിനില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ വിദഗ്ധരും ഇതില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടെ ചര്‍ച്ച ചെയ്യുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മസ്തിഷ്‌ക മരണവും സാക്ഷ്യപ്പെടുത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മസ്തിഷ്‌ക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതാണ് മരണാനന്തര അവയവദാനം കുറയാന്‍ പലപ്പോഴും കാരണം. വലിയൊരു സമൂഹം ജീവന്‍ നിലനിര്‍ത്താന്‍ അവയവങ്ങള്‍ കാത്ത് കഴിയുകയാണ്. അവരെ ജീവതിത്തിലേക്ക് തിരികെക്കൊണ്ടു വരണം. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാനും അവബോധം നടത്താനും ശ്രമിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പും സ്‌പെയിനിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജ്‌മെന്റ് ഡൊണേഷന്‍ & ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ടും (ടി.പി.എം.ഡി.ടി.ഐ.) കേരള നെറ്റുവര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങും (കെ.എന്‍.ഒ.എസ്. - മൃതസഞ്ജീവനി) സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിദിന ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മസ്തിഷ്‌ക മരണത്തെപ്പറ്റി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിരാമമിട്ട് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മാത്രമല്ല 6 മണിക്കൂര്‍ ഇടവെട്ട് ആപ്നിയോ ടെസ്റ്റ് നടത്തിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. കൂടാതെ ഇതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നു. 

ലോകത്ത് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണാനന്തര അവയവദാനം നടക്കുന്ന സ്‌പെയിനില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ വിദഗ്ധരും ഇതില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടെ ചര്‍ച്ച ചെയ്യുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ അവയവദാന ഏജന്‍സിയായ നോട്ടോയുടെ ഡയറക്ടര്‍ ഡോ. വാസന്തി രമേശ്, കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, സ്‌പെയിനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരായ മരിയ പോളോ ഗോമസ്, ഫ്രാന്‍സസ് മാര്‍ട്ടി, സ്‌പെയിന്‍ എംബസിയിലെ ആന്‍ഡ്രിയാന്‍, ഗ്രൂട്ടറസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മരണാനന്തര അവയവദാന മാറ്റിവെയ്ക്കല്‍ മേഖലയില്‍ സ്‌പെഷ്യലിസ്റ്റുകളായ പ്രൊഫഷണലുകളുടെ പ്രൊഫഷണല്‍കഴിവിനെ വികസിപ്പിക്കുന്നതിനാണ് മൂന്ന് ദിവസത്തെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നത്. ഐ.സി.യു. ഡോക്ടര്‍മാര്‍, ന്യൂറോളജിസ്റ്റ്, ന്യൂറോസര്‍ജന്‍മാര്‍, ഇന്റന്‍സ്റ്റിവിസ്റ്റ്, അനസ്‌തേഷ്യ വിഭാഗം ഡേക്ടര്‍മാര്‍, ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ട്രാന്‍സ്പ്ലാന്റ് പ്രൊക്യൂര്‍മെന്റ് മാനേജര്‍മാര്‍ എന്നിവര്‍ ഈ കോഴ്‌സില്‍ പങ്കെടുക്കുന്നു.

എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തീവ്രപരിചരണ യൂണിറ്റുകളില്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്ന രോഗികളെ പരിചരിക്കുന്ന സംവിധാനത്തിന് കേരള സര്‍ക്കാര്‍ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജര്‍മാരെ (ടി.പി.എം) നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മസ്തിഷ്‌കമരണം നേരത്തെ തിരിച്ചറിയുന്നതിനും രോഗികള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കാനുമാണ് ടി.പി.എം. സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവരുടെ സേവനങ്ങളില്‍ മസ്തിഷ്‌ക മരണം തിരിച്ചറിയുന്നതിനുള്ള പ്രതിദിന ഐ.സി.യു. സ്‌ക്രീനിംഗ് ഉറപ്പാക്കുകയും തലച്ചോറിന് ഗുരുതര പരിക്കുകളുള്ള രോഗികളെ കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും സഹായിക്കുകയും ചെയ്യുന്നു.