നിയമവിരുദ്ധമായി ഇത്തരത്തില്‍ ലോഡുമായി വരുന്ന ടിപ്പറുകൾക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
കോഴിക്കോട്: അശ്രദ്ധമായും അമിതമായും ലോഡ് കയറ്റി വന്ന ടിപ്പറില്‍ നിന്ന് വലിയ കരിങ്കല്ല് റോഡിലേക്ക് തെറിച്ചുവീണു. കോഴിക്കോട് കൂടരഞ്ഞി മേലേ കൂമ്പാറ അങ്ങാടിയില്‍ കഴിഞ്ഞ ദിവസം രാവിലെ 10.15 ഓടെയാണ് സംഭവം. സാധാരണയായി യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്ന സ്ഥലത്താണ് കല്ല് വീണത്. ഈ സമയം ആരും ഇവിടെ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കൂമ്പാറ മാതാളി കുന്നേല്‍ ക്വാറിയില്‍ നിന്ന് കരിങ്കല്ലുമായി വന്ന കെ എല്‍ 57 ക്യു 3298 നമ്പര്‍ ലോറിയില്‍ നിന്നാണ് കല്ല് വീണത്. വാഹനത്തില്‍ അമിതമായി ലോഡ് കയറ്റിയിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രസ്തുത ക്വാറിയില്‍ കൃത്യമായ അളവില്‍ ലോഡ് കയറ്റുന്നതിനുള്ള വെയ്ബ്രിഡ്ജ് ഒരുക്കിയിട്ടില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ മാര്‍ച്ച് 26 ന് അമിതഭാരം കയറ്റിയതിന് ഇതേ ടിപ്പറിന് തിരുവമ്പാടി പൊലീസ് ഫൈന്‍ ചുമത്തിയിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം വിഴിഞ്ഞത്ത് ബി ഡി എസ് വിദ്യാര്‍ത്ഥിയായ അനന്തു ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് ദേഹത്ത് വീണ് ദാരുണമായി മരിച്ചിരുന്നു. സ്‌കൂളുകള്‍ക്ക് അവധിയായതിനാലും ജനത്തിരക്ക് കുറഞ്ഞതിനാലും സമാനമായ ഒരു ദുരന്ത വാര്‍ത്ത കഷ്ടിച്ച് ഇല്ലാതാവുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. നിയമവിരുദ്ധമായി ഇത്തരത്തില്‍ ലോഡുമായി വരുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
