തെരുവുവിളക്ക് നന്നാക്കുന്നതു മുതൽ തകർന്ന റോഡ്, മാലിന്യപ്രശ്നം, പൊതുസൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ നേരിടുന്ന പ്രാദേശിക വിഷയങ്ങൾ ഈ പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്നുണ്ട്

തിരുവനന്തപുരം: പ്രാദേശിക പ്രശ്നങ്ങൾ കണ്ടെത്താനും അവയ്ക്ക് പരിഹാരം തേടുന്ന ജനങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും ശ്രമങ്ങൾക്ക് കരുത്തേകാനും പൊതുഅധികാരികളുടെ ഉത്തരവാദിത്തം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹൈപ്പർലോക്കൽ സിവിക് പ്ലാറ്റ്ഫോമായ ക്ലിക്ക് ഡോട്ട് കോം ശ്രദ്ധ നേടുന്നു. ജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും ഇടയിലുള്ള വിടവ് കുറയ്ക്കുക എന്നതാണ് ക്ലിക്കിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ജനങ്ങളുടെ ആവശ്യങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ ഫലപ്രദമായി എത്തിക്കുകയും പരിഹാരത്തിനായി സമ്മർദ്ദം ചെലുത്തുകയുമാണ് ക്ലിക്ക് ഡോട്ട് കോം ചെയ്യുന്നത്. തെരുവുവിളക്ക് നന്നാക്കുന്നതു മുതൽ തകർന്ന റോഡ്, മാലിന്യപ്രശ്നം, പൊതുസൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ നേരിടുന്ന പ്രാദേശിക വിഷയങ്ങൾ ഈ പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്നുണ്ട്.

കൊല്ലം അഞ്ചൽ ബൈപാസിൽ കാലങ്ങളായി കാടുപിടിച്ച് കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാതെ കിടന്ന ഫുട്ട്പാത്തിന്റെ പ്രശ്നം പ്രദേശവാസികളുടെ പ്രതികരണങ്ങൾ ഉൾപ്പെടെ ക്ലിക്ക് ഡോട്ട് കോം സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തിക്കാട്ടിയിരുന്നു. വിഷയം അധികാരികളുടെ ശ്രദ്ധയിലെത്തിയതിന് പിന്നാലെ ഫുട്ട്പാത്ത് വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയിരുന്നു. കാസർഗോഡ് ചേരങ്കൈ കടപ്പുറത്ത് കടൽകയറ്റവും തീരദേശ റോഡുകളുടെ തകർച്ചയും മൂലം ദുരിതത്തിലായ പ്രദേശവാസികളുടെ പ്രശ്നവും ക്ലിക്ക് ഡോട്ട് കോം പൊതുശ്രദ്ധയിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം