പാമ്പാടി സ്വദേശി വിനീത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാങ്ങാനം സ്വദേശിയായ ശ്രീകാന്ത് അറസ്റ്റിലായി. ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
കോട്ടയം: ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ പരിചയപ്പെട്ട ആളുടെ ഫോൺ വിളിക്കാനായി വാങ്ങി. ഫോൺ സംഭാഷണം നീണ്ടതിനേ ചൊല്ലി ഫോൺ വാങ്ങിയ ആളും ഉടമയും തമ്മിൽ തർക്കം. വാക്കേറ്റത്തിനിടെ ഫോൺ ഉടമയുടെ കുത്തേറ്റ് 33കാരന് ദാരുണാന്ത്യം. കോട്ടയം സെൻട്രൽ ജംഗ്ഷനിലാണ് സംഭവം. സെൻട്രൽ ജംഗ്ഷന് സമീപത്തെ ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ രണ്ട് പേർ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിലെത്തിയത്. പാമ്പാടി സ്വദേശി വിനീത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാങ്ങാനം സ്വദേശിയായ ശ്രീകാന്ത് അറസ്റ്റിലായി. ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
മരപ്പണിക്കാരനായിരുന്ന ശ്രീകാന്ത് ഫോൺ തിരികെ ആവശ്യപ്പെട്ടതിന് പിന്നാലെയുണ്ടായ തർക്കത്തിനിടെ പണിയായുധം ഉപയോഗിച്ചാണ് വിനീതിനെ കുത്തിയത്. നെഞ്ചിലും കഴുത്തിലുമായി അഞ്ചിലേറ കുത്തേറ്റാണ് അടിപിടി കേസുകളിലെ പ്രതിയായ വിനീത് കൊല്ലപ്പെട്ടത്. 2015ൽ വിനീതിനെ കഞ്ചാവുമായി പിടികൂടിയിരുന്നു. ശ്രീകാന്തിന്റെ ആക്രമണത്തിൽ സംഭവസ്ഥലത്തുവെച്ചു തന്നെ വിനീത് കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.


