വിവാഹബന്ധം നിലനിൽക്കെ മറ്റൊരു സ്ത്രീയുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്ക് അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കും

ഭോപ്പാൽ:വിവാഹിതരായവർ ലിവ് ഇൻ ബന്ധങ്ങളിൽ ഏർപ്പെട്ടാൽ അഞ്ച് വർഷം തടവ് ശിക്ഷയുമായി മധ്യപ്രദേശ്. ഏകീകൃത സിവിൽ കോഡിന് കീഴിലാണ് നടപടി. റാമിനും റഹീമിനും റോബിനും ഒരേ നിയമം കൊണ്ടുവരികയാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വിശദമാക്കിയത്. പുതിയ നിയമപ്രകാരം വിവാഹബന്ധം നിലനിൽക്കെ മറ്റൊരു സ്ത്രീയുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്ക് അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കും. വിവാഹ നിയമങ്ങൾ പ്രകാരം, ഒരു പങ്കാളി ജീവിച്ചിരിക്കുമ്പോൾ ഒരു വിവാഹം മാത്രമേ അനുവദിക്കൂ. നിയമപരമായ നടപടിക്രമങ്ങളിലൂടെയും കോടതി തീരുമാനത്തിലൂടെയും മാത്രമേ വിവാഹമോചനം സാധ്യമാകൂ. വിവാഹപ്രായം പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്ക് 18 വയസ്സുമായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് മുതൽ മുനിസിപ്പൽ കോർപ്പറേഷൻ വരെയുള്ള എല്ലാ തലങ്ങളിലും വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

സ്വത്തവകാശത്തിലും പിന്തുടർച്ചാവകാശത്തിലും പെൺമക്കൾക്കും ആൺമക്കൾക്കും ഇനി മുതൽ തുല്യ അവകാശമുണ്ടാകും. സ്ത്രീകൾക്ക് പകുതി പങ്ക് മാത്രം ലഭിച്ചിരുന്ന പഴയ വ്യവസ്ഥകൾക്ക് പകരമാണിത്. ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്ന ദമ്പതികൾ ഒരു മാസത്തിനകം അത് നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഇതിനുള്ള പ്രായപരിധി വിവാഹത്തിന്റേതിന് സമാനമായിരിക്കും. ലിവ് ഇൻ ബന്ധം ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ ഈ രജിസ്ട്രേഷൻ ചെയ്തിരിക്കണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നത്. മതസ്വാതന്ത്ര്യം പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ആരുടെയും മേൽ ഇത് അടിച്ചേൽപ്പിക്കില്ലെന്നും ഒരു മതത്തെയും കുറച്ചു കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.80 ശതമാനം മുസ്ലീം സ്ത്രീകളും 40 ശതമാനം മുസ്ലീം പുരുഷന്മാരും ഈ ഏകീകൃത നിയമം നടപ്പാക്കുന്നതിനെ അനുകൂലിച്ച് അഭിപ്രായം രേഖപ്പെടുത്തിയതായുമാണ് മുഖ്യമന്ത്രി വിശദമാക്കിയത്. വിവാഹം, സ്വത്തവകാശം, ലിവ്-ഇൻ ബന്ധങ്ങൾ, മതസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവർക്കും തുല്യ അവകാശം ഉറപ്പാക്കുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി.

എന്നാൽ സംരക്ഷിത മേഖലകളിൽ താമസിക്കുന്ന പട്ടികവർഗ്ഗക്കാരെയും പ്രത്യേകം ദുർബലരായ ഗോത്രവിഭാഗങ്ങളെയും ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജഗദീഷ്പൂരിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. നാളെ ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരം ഏകകണ്ഠമായിരുന്നുവെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം