Asianet News MalayalamAsianet News Malayalam

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത് വീണ്ടും; നെടുമ്പാശേരിയിൽ മൂന്ന് പേർ പിടിയിൽ

മസ്കറ്റിൽ നിന്നും വന്ന വിമാനത്തിലാണ് സുബാഷ് കൊച്ചിയിലെത്തിയത്. ഇയാൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്

Kochi Airport gold smugglers caught by Customs kgn
Author
First Published Nov 9, 2023, 9:44 PM IST

കൊച്ചി: നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമം. മൂന്ന് കിലോ സ്വർണവുമായി മൂന്ന് പേരെ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം സ്വദേശികളായ മുസ്തഫ, നൗഫൽ റിയാസ്, തൃശൂർ സ്വദേശി സുബാഷ് എന്നിവരാണ് പിടിയിലായത്. നൗഫൽ ജിദ്ദയിൽ നിന്നും മുസ്തഫ ദൂബായിൽ നിന്നുമാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. ഇരുവരും മലദ്വാരത്തിലാണ് സ്വ‍ർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിലെ പരിശോധനയിൽ ശരീരത്തിനകത്ത് സ്വർണം കണ്ടെത്തി. പിന്നാലെ മസ്കറ്റിൽ നിന്നും വന്ന വിമാനത്തിലാണ് സുബാഷ് കൊച്ചിയിലെത്തിയത്. ഇയാൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്. പിടിച്ചെടുത്ത് സ്വർണത്തിന് ഒരു കോടി നാൽപത് ലക്ഷം രൂപ വില വരുമെന്ന് കൊച്ചി കസ്റ്റംസ് അറിയിച്ചു. 

അതിനിടെ കണ്ണൂരിൽ സ്വർണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി കളളക്കടത്ത് സ്വർണം കൈക്കലാക്കാൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഡിആർഐ പിടിച്ചെടുത്ത സ്വർണത്തിൽ നിന്ന് 87 ഗ്രാം തട്ടാൻ ശ്രമിച്ച വടക്കേ ഇന്ത്യക്കാരായ രണ്ട് ഉദ്യോഗസ്ഥരെ തിരുവനന്തപുരം ജിഎസ്ടി കമ്മീഷണറേറ്റിലേക്കാണ് മാറ്റിയത്. ശിക്ഷാ നടപടിയെന്ന് ട്രാൻസ്ഫർ ഉത്തരവിൽ പറയുന്നില്ലെങ്കിലും ഇരുവരെയും ഇനി വിമാനത്താവളത്തിൽ നിയമിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂർ വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ യുവാവിൽ നിന്ന് ഒരാഴ്ച മുമ്പ് ഡിആർഐ വിഭാഗം സ്വർണം പിടികൂടിയിരുന്നു. എയർ കസ്റ്റംസിന് കൈമാറിയ സ്വർണം വേർതിരിക്കാൻ മട്ടന്നൂരിലെ ജ്വല്ലറിയിൽ ഏൽപ്പിച്ചു. എയർ കസ്റ്റംസ് വിഭാഗത്തിലെ സൂപ്രണ്ടും ഒരു ഇൻസ്പെക്ടറുമാണ് ഇതിനായി ജ്വല്ലറിയിൽ എത്തിയത്. വേർതിരിച്ച സ്വർണത്തിൽ ഒരു പങ്ക് മാറ്റിവെക്കണമെന്ന് ഉദ്യോഗസ്ഥർ സ്വർണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി. 87 ഗ്രാം സ്വർണം മാറ്റിവച്ച സ്വർണപ്പണിക്കാരൻ വൈകാതെ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വിവരം പറഞ്ഞു. ഇതോടെ കളളക്കളി നടന്നില്ല. മാറ്റിവച്ച സ്വർണം പിടിച്ചെടുത്ത സ്വർണത്തിന്‍റെ കണക്കിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ചേർത്തു. ആഭ്യന്തര അന്വേഷണം നടത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios