ദേശീയ പാത നിര്‍മ്മാണത്തിന്റെ മറവില്‍ വലിയ തോതില്‍ പാറ ഖനനം നടത്തിയിട്ടുള്ളതായി മുന്‍ സബ് കളക്ടര്‍ രേണുരാജ് സര്‍ക്കാരിന് റിപ്പോര്‍ട്ടു നില്‍കിയിരുന്നു. 

ഇടുക്കി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ദേവികുളം ഗ്യാപ്പ് റോഡില്‍ നടന്ന പാറ ഖനനം സംബന്ധിച്ച് അന്വേഷണ സംഘം ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ സര്‍വ്വേയര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണനും പ്രതികരിച്ചു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി പാറ പൊട്ടിച്ച് നീക്കിയ ദേവികുളം ഗ്യാപ്പ് റോഡിലാണ് അനധികൃതമായി പാറഖനനം നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം സംഘം പരിശോധന നടത്തുന്നത്. ഇത് സംബന്ധിച്ച് അന്വേഷണ സംഘം ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ സര്‍വ്വേയര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.

പ്രദേശത്തു നിന്നും ഖനനം ചെയ്ത പാറകള്‍ റോഡു പണികള്‍ക്ക് ഉപയോഗിച്ചുണ്ടോയെന്ന കാര്യത്തിലടക്കം സംഘം പരിശോധന നടത്തുന്നുണ്ട്. ദേശീയ പാത നിര്‍മ്മാണത്തിന്റെ മറവില്‍ വലിയ തോതില്‍ പാറ ഖനനം നടത്തിയിട്ടുള്ളതായി മുന്‍ സബ് കളക്ടര്‍ രേണുരാജ് സര്‍ക്കാരിന് റിപ്പോര്‍ട്ടു നില്‍കിയിരുന്നു. പിന്നീട് സന്ദര്‍ശനം നടത്തിയ എന്‍ ഐ ടി സംഘവും കണ്ടെത്തല്‍ ശരിവച്ചു. 

മാസങ്ങള്‍ക്ക് ഗ്യാപ്പ് റോഡ് ഭാഗത്തു നിന്നും പൊട്ടിച്ച പാറകള്‍ മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്നതിനിടയില്‍ വാഹനം റവന്യൂ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. വാഹനത്തില്‍ കടത്തിയത് ഗ്യാപ്പ് റോഡില്‍ നിന്നുള്ള പാറകളാണെന്ന് കണ്ടെത്തുകയും ജില്ലാ ഭരണകൂടം ഇടപെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ പരിശോധനകള്‍ നടന്ന് വരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona