നാളെ വൈകിട്ട് ജലവിതരണം പുനസ്ഥാപിക്കുമെന്നാണ് ജല അതോറിറ്റി വ്യക്തമാക്കുന്നത്. പാഴൂർ പമ്പ് ഹൗസിൽ നാളെ ട്രയൽ റണ്‍ നടത്തും. 

കൊച്ചി : പശ്ചിമ കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമത്തിന് ഇന്നും പരിഹാരമായില്ല. നാളെ വൈകിട്ട് ജലവിതരണം പുനസ്ഥാപിക്കുമെന്നാണ് ജല അതോറിറ്റി വ്യക്തമാക്കുന്നത്. പാഴൂർ പമ്പ് ഹൗസിൽ നാളെ ട്രയൽ റണ്‍ നടത്തും. 

കഴിഞ്ഞ ഒരു മാസമായി കൊച്ചിയിലെ കുടിവെള്ള വിതരണം പൂര്‍ണമായും പുനസ്ഥാപിക്കാതെ നീളുകയാണ്. നാളെകൂടി പ്രതീക്ഷ വയ്ക്കണമെന്നാണ് ജല അതോരിറ്റി അറിയിക്കുന്നത്. കാരണം നാളെയാണ് ട്രയൽ റണ്‍. തകരാറിലായ രണ്ട് പമ്പ് സെറ്റുകളിൽ ഒന്നിന്‍റെ തകരാർ പരിഹരിച്ച് എത്തിച്ചെങ്കിലും ഇത് ഇറക്കി സ്ഥാപിച്ച് പമ്പിംഗ് പരിശോധിക്കുകയാണ് അടുത്ത കടമ്പ. ഒരു പമ്പ് കൂടി ഉപയോഗപ്രദമായാൽ കുറെ പരിഹാരമുണ്ടാകും. അഞ്ച് ലക്ഷത്തിലേറെ പേരെ ബാധിച്ച കുടിവെള്ള പ്രശ്നത്തിൽ ജനങ്ങളും ക്ഷമ നശിച്ച അവസ്ഥയിലാണ്. ഏഴ് ലക്ഷത്തിലധികം ലിറ്റർ വെള്ളമാണ് ടാങ്കറുകളിൽ വിതരണം ചെയ്യുന്നത്. അപ്പോഴും ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവരിലേക്ക് വെള്ളമെത്തിക്കുന്നതിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു. 

പശ്ചിമ കൊച്ചി കുടിവെള്ള വിതരണം ഇനിയും വൈകും; ട്രയൽ റൺ മാറ്റിവച്ചു, ദുരിതം

ചെല്ലാനത്ത് ഒരു കൺട്രോൾ റൂം കൂടി ഇന്ന് പ്രവർത്തനം തുടങ്ങി. നേരത്തെ ഫോർട്ട് കൊച്ചിയിൽ കൺട്രോൾ റൂം തുറന്നിരുന്നു. എന്നാൽ കണ്‍ട്രോൾ റൂമുകൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. അടുത്ത വെള്ളിയാഴ്ചയോടെ കൂടി തകരാർ പരിഹരിച്ച് മൂന്നാമത്തെ മോട്ടോറും പ്രവർത്തിപ്പിക്കാനാകുമെന്നാണ് ജല അതോരിറ്റി വ്യക്തമാക്കുന്നത്.