കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം ജല അതോറിറ്റിയാണെന്ന് ആരോപിച്ച് കുത്തിയിരിപ്പ് സമരവുമായി കൊച്ചി മേയർ. വാട്ടർ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുമ്പിൽ രണ്ടു മണിക്കൂറിലേറെ കുത്തിയിരിപ്പ് സമരം നടത്തിയ കൊച്ചി മേയർ ജോലികൾ പെട്ടന്ന് പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റിയിൽ നിന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതോടെ സമരം അവസാനിപ്പിച്ചു. ജല അതോറിറ്റി സമയബന്ധിതമായി നിർമ്മാണ പ്രവർത്തനം നടത്തുന്നില്ലെന്നായിരുന്നു കൊച്ചി മേയറുടെ ആരോപണം.

ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന മേയർക്ക് പിന്തുണയുമായി ഹൈബി ഈഡൻ എംപിയും എത്തിയിരുന്നു. നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ കാരണം കൊച്ചി കോർപ്പറേഷനെതിരെ ജനരോഷം ഉയർന്നതോടെയാണ് മേയർ കുത്തിയിരിപ്പ് സമരവുമായി രംഗത്തെത്തിയത്.   

28-ാം തീയതിക്കകം ജല അതോറിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റോഡുകൾ കൊച്ചി കോർപ്പറേഷന് കൈമാറുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ രേഖാമൂലം  ഉറപ്പ് നൽകിയതോടെയാണ് സമരത്തിന് അവസാനമായത്. ഇതിന് ശേഷം കോർപ്പറേഷൻ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും.