കൊച്ചി: മറൈന്‍ ഡ്രൈവ് വോക് വേയിൽ നിന്നും ഒഴിപ്പിക്കുന്ന വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുമെന്ന് മേയർ സൗമിനി ജെയിൻ. എന്നാൽ മേയറുടെ വാഗ്ദാനത്തിൽ പ്രതീക്ഷയില്ലെന്നാണ് വഴിയോരക്കച്ചവടക്കാർ പറയുന്നത്.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് മറൈന്‍ ഡ്രൈവ് വോക് വേയില്‍ ഉള്ള എല്ലാ അനധികൃത വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. മറൈൻ ഡ്രൈവ് സംരക്ഷിക്കുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന പൊതുതാത്പര്യ ഹർജിയിലായിരുന്നു ഉത്തരവ്. 

അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ പൊലീസ് സഹായത്തോടെ കൊച്ചി കോർപ്പറേഷൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. കോടതിയിൽ നിന്നും ഉത്തരവ് ലഭിച്ചാലുടൻ നടപടി ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം.

ഒഴിപ്പിക്കൽ നടപടി ഉറപ്പായതോടെ വർഷങ്ങളായി വാക്ക് വേയിൽ കച്ചവടം നടത്തുന്ന നിരവധി പേർ ആശങ്കയിലാണ്. കുടിയൊഴിപ്പിക്കലിനൊപ്പം പുനരധിവാസവും നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.