റോഡിന് സമീപം നിൽക്കുമ്പോഴാണ് സ്വകാര്യ ബസ് ലോറൻസിനെ ഇടിച്ച് തെറിപ്പിച്ചത്. ഉടൻ  കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കൊച്ചി : പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിച്ചുകയറി ഇടക്കൊച്ചി സ്വദേശിക്ക് ദാരുണാന്ത്യം. ചാലേപ്പറമ്പിൽ ലോറൻസ് വ൪ഗീസാണ് മരിച്ചത്. ഷാന എന്ന സ്വകാര്യ ബസാണ് ലോറൻസിനെ ഇടിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. റോഡിന് സമീപം നിൽക്കുകയായിരുന്ന ലോറൻസിനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമായിരുന്നു ലോറന്‍സ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലുണ്ടാക്കുന്ന അപകടങ്ങൾ വ‍ര്‍ധിക്കുകയാണ്. കോട്ടയത്ത് ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവം കഴി‌ഞ്ഞ ദിവസം ഉണ്ടായി. അമിത വേഗത്തിൽ ഓടുന്ന സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീഴുന്ന സ്കൂൾ വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചു. കോട്ടയം പാക്കിൽ പവർഹൗസ് ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്.

ഗുരുതരമായ അപകടമുണ്ടായിട്ടും നിർത്താതെ പോയ ചിപ്പി എന്ന സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. മൂന്നു പല്ലിളകി കൈകളിൽ പരുക്കേറ്റ് പതിമൂന്നുകാരൻ അഭിരാം ചോരയൊലിപ്പിച്ച് നിന്നിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ബസ് ജീവനക്കാരുടെ സഹായം ഉണ്ടായില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

ഓട്ടോ മാറ്റിക് വാതിൽ തുറന്നു വച്ചതും അമിത വേഗവുമാണ് അപകട കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് നിഗമനം. ബസ് ജീവനക്കാർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായില്ലെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ വിമര്‍ശനത്തിന് പിന്നാലെ പൊലീസ് അപകട കാരണമായ ചിപ്പി ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ മനീഷിനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും അമിത വേഗതയ്ക്കും കേസും ചുമത്തി. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികളുണ്ടാകുമെന്ന് മോട്ടോര്‍വാഹന വകുപ്പും അറിയിച്ചു.