ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടയാൾ 50 ലക്ഷം രൂപയുടെ സമ്മാനം വാഗ്ദാനം ചെയ്ത് കൊച്ചി സ്വദേശിനിയിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. കസ്റ്റംസ് ക്ലിയറൻസ് ഫീസ് എന്ന പേരിൽ പലതവണയായി പണം വാങ്ങിയ ശേഷം പാഴ്സൽ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊച്ചി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടയാൾ അമ്പത് ലക്ഷം രൂപയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് കൊച്ചി സ്വദേശിനിയിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. കടവന്ത്ര ഇളംകുളം സ്വദേശിനിയായ ഹന്നത്ത് ആമി (49) ആണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ എറണാകുളം ടൗൺ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മിച്ചിൽ പാട്രിക് എന്ന് പേരുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയുമായി ഹന്നത്ത് ജൂൺ 15-നാണ് പരിചയപ്പെടുന്നത്. താൻ 50 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ ഒരു പാഴ്സൽ ഹന്നത്തിന് അയച്ചിട്ടുണ്ടെന്ന് ഇയാൾ ഇവരെ വിശ്വസിപ്പിച്ചു. തുടർന്ന്, ഈ പാഴ്സൽ കൈപ്പറ്റുന്നതിനായി 'കസ്റ്റംസ് ക്ലിയറൻസ് ഫീസ്' എന്ന പേരിലായി പലതവണ പണം ആവശ്യപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂൺ 22 മുതൽ വിവിധ ഘട്ടങ്ങളിലായി ആകെ 2,50,500 രൂപയാണ് ഹന്നത്ത് കൈമാറിയത്. തന്റെ കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ നിന്നും കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അപ്പക്സ് ബാങ്കിലെ ദിനേഷ് പി എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പണം നൽകിയിട്ടും പാഴ്സൽ ലഭിക്കാതെ വന്നതോടെയാണ് താൻ ചതിക്കപ്പെട്ട വിവരം ഹന്നത്ത് തിരിച്ചറിഞ്ഞത്. ജൂൺ 30-ന് ഹന്നത്ത് നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 318(4), 316(2) വകുപ്പുകളും, ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 66(D) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇൻസ്പെക്ടർ രാജേഷ് എം ബി യുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.