കൊടി സുനിയെ ജയിലിൽ കെട്ടിയിട്ട് കണ്ണിൽ മുളക് തേച്ച് അടിച്ചെന്ന് ബന്ധുക്കൾ, മുഖ്യമന്ത്രിക്കും പരാതി
കെട്ടിയിട്ട് മർദ്ദിച്ച്, കണ്ണിൽ മുളക് തേച്ച് അടിച്ചുവെന്നും വിയ്യൂർ ജയിലിലെ സിസിടിവികൾ പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

തൃശൂർ : ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന കൊടി സുനിയെ ജയിലിൽ മർദ്ദിച്ചെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത്. കെട്ടിയിട്ട് മർദ്ദിച്ച്, കണ്ണിൽ മുളക് തേച്ച് അടിച്ചുവെന്നും വിയ്യൂർ ജയിലിലെ സിസിടിവികൾ പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. 'വിയ്യൂർ ജയിലിൽ കഴിയുന്ന കാട്ടുണ്ണി, അരുൺ എന്നിവരെ ജയിൽ അധികൃതർ മർദ്ദിച്ചു. ഇത് ചോദ്യം ചെയ്ത സുനിയെ കെട്ടിയിട്ട് തല്ലി. കണ്ണിൽ മുളക് തേച്ച് അടിച്ചു. റോക്കി, സുകുമാരൻ എന്നീ ജയിൽ ഉദ്യോഗസ്ഥരാണ് തല്ലിയതെന്നും ബന്ധുക്കൾ ആരോപിച്ചു. കൊടി സുനിയുടെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ, ജയിൽ അധികൃതർ എന്നിവർക്ക് പരാതി നൽകി. ഇതോടൊപ്പം വിയ്യൂർ സ്റ്റേഷനിലും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയെന്ന് കുടുംബം പറഞ്ഞു.
വിയ്യൂർ ജയിലിൽ സംഘർഷം, കൊടി സുനിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരെ ആക്രമിച്ചു; 3 പേർക്ക് പരിക്ക്