കൊടുങ്ങല്ലൂരിൽ വഴക്ക് അടിപിടിയായി, യുവാവിനെ മർദ്ദിച്ച് നിലത്തിട്ട് ചവിട്ടി, ബോധരഹിതനായ ആൾ മരിച്ചു, അറസ്റ്റ്
കൊടുങ്ങല്ലൂരിൽ വഴക്ക് അടിപിടിയായി, യുവാവിനെ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു, ബോധരഹിതനായ ഇയാൾ മരിച്ചു, അറസ്റ്റ്

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പി. വെമ്പല്ലൂര്‍ ധനേഷ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ പൊലീസ് പിടിയില്‍. പി. വെമ്പല്ലൂര്‍ സ്വദേശികളായ പണിക്കശേരി അനു എന്ന ഭാഗ്യരാജ് (38), കാവുങ്ങല്‍ അക്ഷയ്കൃഷ്ണ (22) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ സംബന്ധിച്ച് പൊലീസ് പറയുന്നത്:
24 -ന് രാവിലെ 11-ഓടെ കൊല്ലപ്പെട്ട ധനേഷും അനുവും കൂട്ടുകാരുമായി ചേര്‍ന്ന് ധനേഷിന്റെ വീട്ടില്‍ ഇരുന്ന് മദ്യപിച്ചിരുന്നു. അനു ഒഴികെയുള്ളവര്‍ ധനേഷിന്റെ വീട്ടില്‍നിന്നും പോയ സമയം ധനേഷും അനുവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തമ്മില്‍ പരസ്പരം മര്‍ദിക്കുകയും ധനേഷിന്റെ നെറ്റിയില്‍ പരുക്ക് പറ്റുകയും ചെയ്തു.
ഇതിനെത്തുടര്‍ന്ന് ധനേഷ് സുഹൃത്തുക്കളായ ഷാഫി, സോനു, സുബിന്‍ എന്നിവരെ വിളിച്ചുവരുത്തി പകരം ചോദിക്കാനായി അനുവിന്റെ വീട്ടില്‍ പോവുകയും അവിടെവച്ച് ബഹളം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന്, അനു ഫോണില്‍ വിളിച്ച് പൊലീസ് സഹായം ആവശ്യപ്പെട്ടു. പൊലീസ് എത്തി സോനുവിനെയും ഷാഫിയെയും സുബിനെയും ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു.
ഈ സമയം അനു തന്റെ ഫോണില്‍നിന്നും ബന്ധുവായ അക്ഷ കൃഷ്ണയെ വിളിച്ച് സഹായം ആവശ്യപ്പെട്ടു. ബീച്ചില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന അക്ഷയ് കൃഷ്ണ ഷാപ്പിന് സമീപം എത്തുകയും അനുവിനെ കണ്ട് സംസാരിക്കുകയും ചെയ്തു. ശേഷം അവിടെയുണ്ടായിരുന്ന ധനേഷ് അനുവുമായി വഴക്കുണ്ടാക്കി. തുടർന്ന് അനു ധനേഷിനെ മര്‍ദിക്കുകയും ചെയ്തു.
നാട്ടുകാരും അനുവിന്റെ കൂടെയുള്ളവരും ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അനു കുതറിമാറി ധനേഷിനെ മര്‍ദിക്കുകയുമായിരുന്നു. നിലത്ത് വീണ ധനേഷിനെ അനു കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തുനിന്നും അനുവും കൂട്ടുകാരും പോവുകയും ചെയ്തു. ബോധരഹിതനായി കിടന്ന ധനേഷിനെ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌ഗ്രെയുടെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ മതിലകം എസ്.എച്ച്.ഒ. ഷാജി, കയ്പമംഗലം എസ്.എച്ച്.ഒ. ഷാജഹാന്‍, വാടാനപ്പള്ളി എസ്.എച്ച്.ഒ. സാബുജി, വലപ്പാട് എസ്.എച്ച്.ഒ. സുശാന്ത്, കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒ. ബൈജു, മതിലകം പോലീസ് എസ്.ഐമാരായ രമ്യ കാര്‍ത്തികേയന്‍, ബിജു, കൊടുങ്ങല്ലൂര്‍ ക്രൈം സ്‌ക്വാഡ് എസ്.ഐ. സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.