ജീബീഷ് വാങ്ങിയ കള്ള് അരുണും വിഷ്ണുവും എടുത്ത് കുടിച്ചെന്ന് ആരോപിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മദ്യപന്‍മാര്‍ തമ്മില്‍ കശപിശ, പല്ല് ഇടിച്ച് കൊഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റില്‍. കൂനിയാറ കോളനി സ്വദേശികളായ വാഴൂര്‍ അരുണ്‍, പുത്തന്‍കാട്ടില്‍ വിഷ്ണു എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.

അഴീക്കോട് സ്വദേശി ഒറവംതുരുത്തി ജിബീഷിന്റെ മുന്‍നിരയിലെ രണ്ട് പല്ലുകളാണ് തല്ലി കൊഴിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെ പൊക്ലായി ഷാപ്പിലായിരുന്നു സംഭവം. വ്യാഴാഴ്ച ഏഴോടെ കള്ള് ഷാപ്പിലെത്തിയ ജിബീഷ് കള്ള് വാങ്ങി കുടിക്കുന്നതിനിടെയാണ് കശപിശയും അടിപിടിയും ഉണ്ടായത്. ജീബീഷ് വാങ്ങിയ കള്ള് അരുണും വിഷ്ണുവും എടുത്ത് കുടിച്ചെന്ന് ആരോപിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.

തന്‍റെ കള്ള് എടുത്തുകുടിച്ചെന്ന ജിബീഷിന്‍റെ ആരോപണം ഇഷ്ടപ്പെടാത്ത അരുണും വിഷ്ണുവും ചേർ‍ന്ന് കരിങ്കല്ല് കൊണ്ട് ആക്രമിച്ചക്കുകയായിരുന്നു. ജിബീഷിന്റെ രണ്ട് പല്ലുകളാണ് അടിച്ച് കൊഴിച്ചത്. ജിബീഷ് കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. മതിലകം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജി എം കെ, എസ് ഐ. പ്രദീപ്, എ എസ് ഐ പ്രജീഷ്, ജി എസ് സി പി ഒമാരായ പ്രബിന്‍ ജമാലുദ്ദീന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.