കൊല്ലം: പൊളിച്ചു നീക്കാന്‍ തീരുമാനിച്ച കോര്‍പറേഷന്‍ കെട്ടിടത്തില്‍ നിന്ന് സാധനങ്ങള്‍ കടത്താനുളള കരാറുകാരന്‍റെ നീക്കം നാട്ടുകാര്‍ ഇടപെട്ട് പൊളിച്ചു. കൊല്ലം വടക്കേവിളയിലെ കോര്‍പറേഷന്‍ സോണല്‍ ഓഫിസില്‍ നിന്ന് കടത്തിയ സാധനങ്ങള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെയെത്തിച്ചു. തെരഞ്ഞെടുപ്പിന്‍റെ മറപിടിച്ച് കോര്‍പറേഷന്‍ ജീവനക്കാരുടെ അറിവോടെയാണ് തട്ടിപ്പു നടന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

കൊല്ലം വടക്കേവിളയിലെ കോര്‍പറേഷന്‍ സോണല്‍ ഓഫിസിന്‍റെ പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ തീരുമാനമെടുത്തിരുന്നു. നിര്‍മാണക്കരാര്‍ നഗരത്തിലെ പ്രമുഖ കരാറുകാരന് കിട്ടുകയും ചെയ്തു. എന്നാല്‍ പഴയ കെട്ടിടം പൊളിച്ചു നീക്കാന്‍ കോര്‍പറേഷന്‍ ടെന്‍ഡര്‍ വിളിച്ചിരുന്നില്ല. ഇതിനിടെയാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ കരാറെടുത്ത കരാറുകാരന്‍ രാത്രിയുടെ മറവില്‍ പഴയ കെട്ടിടം പൊളിച്ച് കട്ടിള മുതല്‍ കസേര വരെ സാധനങ്ങളത്രയും തിരുവനന്തപുരത്തേക്ക് കടത്തിയത്. ഇതോടെ നാട്ടുകാരും മറ്റ് കരാറുകാരും പ്രതിഷേധവുമായെത്തുകയായിരുന്നു.

നാട്ടുകാര്‍ പ്രതിഷേധം കടുപ്പിച്ചതോടെ കടത്തിയ സാധനങ്ങള്‍ ഒറ്റ രാത്രി കൊണ്ട് തിരികെയെത്തിച്ചു. കെട്ടിടം പൊളിക്കാനായി ടെന്‍ഡര്‍ വിളിക്കാമെന്നും പൊതുലേലത്തിലൂടെ മാത്രമേ കെട്ടിടത്തിലെ പഴയ സാധനങ്ങള്‍ നീക്കം ചെയ്യൂ എന്നും കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പും കൊടുത്തു. സാധനങ്ങള്‍ കടത്താന്‍ കൂട്ടുനിന്ന കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.