കഞ്ചാവ് കടത്തിയ കേസിൽ നാടുവിട്ടു; ഗൾഫിൽ നിന്ന് തിരിച്ചെത്തിയ പ്രതിയെ ദില്ലിയിൽ വെച്ച് പൊക്കി എക്സൈസ്
പ്രതി ദില്ലിയിൽ എത്തുന്നു എന്ന വിവരം ലഭിച്ച എക്സൈസ് സംഘം ദില്ലിയിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊല്ലം: കഞ്ചാവ് കടത്തിയ കേസിൽ നാടുവിട്ട പ്രതിയെ ദില്ലിയിൽ നിന്നും പിടികൂടി കൊല്ലം എക്സൈസ്. 19 കിലോഗ്രാം കഞ്ചാവ് വിൽപ്പനയ്ക്കായി ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കേസിലെ രണ്ടാം പ്രതി തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ രാഹുൽ കൃഷ്ണയെയാണ് 10 ദിവസത്തോളം നീണ്ട അന്വേഷണത്തിൽ എക്സൈസ് സംഘം ദില്ലിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കേസിൽ പിടിക്കപ്പെടാതിരിക്കാൻ നാടുവിട്ട് ഗൾഫിൽ എത്തിയ പ്രതി രണ്ട് വർഷമായി ഗൾഫിൽ ജോലി ചെയ്ത് വരികയായിരുന്നു. തുടർന്ന് പ്രതി ദില്ലിയിൽ എത്തുന്നു എന്ന വിവരം ലഭിച്ച എക്സൈസ് സംഘം ദില്ലിയിൽ എത്തി എമിഗ്രേഷൻ വകുപ്പിന്റെയും ദില്ലി പൊലീസിന്റെയും സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ ഷിജു, കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർ ശ്രീനാഥ് എന്നിവ4 അടങ്ങിയ മൂന്നംഗ സംഘമാണ് ദില്ലിയിൽ ദിവസങ്ങളോളം തങ്ങി പ്രതിയെ പിടികൂടിയത്.
2022 ലാണ് കേസിനാസ്പദമായ സംഭവം. രാഹുൽ കൃഷ്ണയും മറ്റ് അഞ്ച് പേരും ചേർന്ന് ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കൊല്ലത്ത് എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരിശോധന നടക്കുന്നത് കണ്ട് കഞ്ചാവ് നിറച്ച ബാഗ് ഉപേക്ഷിച്ചു പ്രതികൾ കടന്നു കളയുകയായിരുന്നു. എന്നാൽ ഉപേക്ഷിച്ച ബാഗിൽ നിന്നും ലഭിച്ച സിം കാർഡുകൾ നിർണായക തെളിവാക്കി അന്വേഷണ ഉദ്യോഗസ്ഥൻ അന്നത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി.സുരേഷ് നടത്തിയ കുറ്റമറ്റ അന്വേഷണമാണ് ആറ് പ്രതികളിലേക്ക് എത്തിയത്. തുടർന്ന് അന്വേഷണ സംഘത്തിന്റെ നിരന്തര പരിശ്രമത്തിൽ നാല് പ്രതികളെ പിടികൂടിയിരുന്നു. ഇനി പിടികൂടാൻ ഉള്ള രണ്ട് പ്രതികളിൽ ഒരാളാണ് ഇപ്പോൾ പിടിയിലായ രാഹുൽ കൃഷ്ണ. ഇരുവർക്കുമായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
READ MORE: അനധികൃത മത്സ്യബന്ധനം; രണ്ട് ബോട്ടുകളും രണ്ട് വള്ളങ്ങളും കസ്റ്റഡിയിൽ എടുത്ത് ഫിഷറീസ് വകുപ്പ്