'ബിസിനസിൽ പങ്കാളിയാക്കാം, ലാഭവിഹിതം നൽകാം', വാഗ്ദാനം നൽകി ചവറയിൽ ദമ്പതികളുടെ തട്ടിപ്പെന്ന് പരാതി; കേസെടുത്തു
വിവിധ തരത്തിലുള്ള ചിട്ടി പദ്ധതികളിൽ ചേർന്നവരുടെ പണവും ഈ ദമ്പതികൾ തട്ടിയെടുത്തതായി പരാതിയുണ്ട്
ചവറ: ബിസിനസിൽ പങ്കാളികളാക്കാമെന്നും ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ദമ്പതിമാരുടെ പേരിൽ പൊലീസ് കേസെടുത്തു. കൊല്ലം മേനാമ്പള്ളി സ്വദേശിയായ സരിത, ഭർത്താവ് അംബുജാക്ഷൻ എന്നിവരുടെ പേരിലൽ ചവറ പൊലീസ് വഞ്ചനക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മത്സ്യബോട്ട്, സൂപ്പർ മാർക്കറ്റ് എന്നിവയിൽനിന്നുള്ള ലാഭവിഹിതം വാഗ്ദാനം ചെയ്തും വീടുനിർമിച്ചു നൽകാമെന്ന് പറഞ്ഞ് 40 ലധികം പേരിൽനിന്ന് ഇവർ പണം കൈപ്പറ്റിയെന്നതടക്കമുള്ള പരാതികളാണ് പൊലീസിന് ലഭിച്ചത്.
വിവിധ തരത്തിലുള്ള ചിട്ടി പദ്ധതികളിൽ ചേർന്നവരുടെ പണവും ഈ ദമ്പതികൾ തട്ടിയെടുത്തതായി പരാതിയുണ്ട്. മേനാമ്പള്ളി പറ്റൂർ വടക്കതിൽ ലിസയുടെ പരാതിയിലാണ് പൊലീസ് ദമ്പതികൾക്കെതിരെ കേസെടുത്തത്. 32.70 ലക്ഷം രൂപ ഇവരിൽ നിന്ന് തട്ടിയെടുത്തെന്നാണ് പരാതി. ഇതിന് പിന്നാലെ ലക്ഷങ്ങൾ നഷ്ടമായെന്ന പരാതിയുമായി മറ്റ് പലരും ചവറ പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. ഈ പരാതികളിലും കേസെടുക്കാനാണ് സാധ്യത. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കച്ച് മേഖലയിലെ അതിതീവ്ര ന്യൂനമർദ്ദം അറബിക്കടലിലേക്ക്, കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യത
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം