കൊല്ലം ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കൊലപാതകമാണെന്ന് തെളിഞ്ഞു. ഹാർബറിലെ ശുചിമുറി നടത്തിപ്പുകാരനായ നിസാറിനെ കൊലപ്പെടുത്തിയ കേസിൽ കൊട്ടിയം സ്വദേശിയായ ശ്യാംജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൊല്ലം : ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ ജീർണിച്ചമൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. 55 വയസുള്ള നിസാർ ആണ് കൊല്ലപ്പെട്ടത്. പ്രതിയായ കൊട്ടിയം സ്വദേശി ശ്യാംജിത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 30 ന് ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി മാലിന്യം നീക്കം ചെയ്യുന്നതിനായി സെപ്റ്റിക് ടാങ്കിൻ്റെ സ്ലാബ് തുറന്നപ്പോഴാണ് തൊഴിലാളികൾ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടത്. കൊല്ലം സിറ്റി എസിപിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധയിൽ കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തി. പോസ്റ്റ്മോർട്ടത്തിൽ മരിച്ചത് പുരുഷനാണെന്നും ഏകദേശ പ്രായവും ഉറപ്പിച്ചു. തുടരന്വേഷണത്തിൽ ഹാർബറിലെ ശുചിമുറികൾ നോക്കി നടത്തിയിരുന്ന നിസാർ ആണ് കൊല്ലപ്പെട്ടതെന്ന് മനസ്സിലാക്കി. ഹാർബറിൽ തന്നെയായിരുന്നു നിസാർ താമസിച്ചിരുന്നത്. തുടർന്ന് പ്രതിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. വിശദമായ വിവര ശേഖരണം നടത്തി.
സംശയത്തിൻ്റെ അടിസ്ഥാനത്തിൽ കൊട്ടിയം സ്വദേശിയായ ഡ്രൈവർ ശ്യാംജിത്തിനെ പിടികൂടി. ചോദ്യം ചെയ്യലിൽ 24 കാരനായ പ്രതി കുറ്റം സമ്മതിച്ചു. നിസാർ ശ്യാംജിത്തിനെ ചീത്ത വിളിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ആദ്യം കൈകൊണ്ട് പ്രതി നിസാറിനെ മർദ്ദിച്ചു. ശേഷം ശുചിമുറിയിൽ ഉണ്ടായിരുന്ന കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൃതദേഹം പായിൽ പൊതിഞ്ഞാണ് ടാങ്കിൽ തള്ളിയത്. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
