കൊളുക്കുമല വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ടൂറിസം വകുപ്പ് നടപടികളാരംഭിച്ചു. 

മൂന്നാർ: കൊളുക്കുമല(Kolukkumalai ) വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ടൂറിസം വകുപ്പ് (Tourism Department) നടപടികളാരംഭിച്ചു. ആദ്യപടിയായി ചിന്നക്കനാലിൽ ഡ്രൈവർമാർക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. അപകടകരമായ വിധത്തിൽ ജീപ്പ് ഓടിച്ചാൻ വാഹനം ഒഴിവാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടമാണ് കൊളുക്കുമലയിലേത്. സമുദ്ര നിരപ്പിൽനിന്ന് ഏകദേശം 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സൂര്യോദയം കാണാനും കാലാവസ്ഥ ആസ്വദിക്കാനും നിരവധി സഞ്ചാരികൾ എത്താറുണ്ട്. സൂര്യനെല്ലിയിൽ നിന്നും ഓഫ് റോഡ് ജീപ്പുകളാണ് കൊളുക്കുമലയിലേക്ക് സർവീസ് നടത്തുന്നത്. ഓഫ് റോഡ് ഡ്രൈവിങ്ങിൽ മൂന്ന് വർഷത്തെ പരിചയമുള്ള ഡ്രൈവർമാർക്കാണ് ഇവിടെ ജീപ്പ് ഓടിക്കാൻ അനുമതിയുള്ളത്.

കൊവിഡ് പ്രതിസന്ധിക്കു ശേഷം കൊളുക്കുമലയിലേക്കുള്ള സവാരി പുനരാരംഭിച്ചിരുന്നു. സഞ്ചാരികളെയുമായി സുരക്ഷിതമല്ലാത്ത രീതിയിൽ ചില ഡ്രൈവർമാർ ജീപ്പ് ഓടുക്കുന്നതായി വിനോദ സഞ്ചാര വകുപ്പിന് പരാതി ലഭിച്ചു. ഇതേ തുടർന്നാണ് നടപടികൾ ശക്തമാക്കാൻ ദേവികുളം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ജനപ്രതിനിധികളുടെയും ഡ്രൈവർമാരുടെയും വിനോദസഞ്ചാരം, പൊലീസ്, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടയും യോഗം തീരുമാനിച്ചത്.

കൃത്യമായ രേഖകളുള്ള 160 ജീപ്പുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. സവാരിയുടെ നിരക്ക് ഏപ്രിൽ മുതൽ രണ്ടായിരം രൂപയിൽ നിന്നു 2500 രൂപയായി വർദ്ധിപ്പിക്കും. രാവിലെ നാല് മണിമുതൽ വൈകിട്ട് അഞ്ചര വരെയാണ് സന്ദർശന സമയം. പ്രാഥമിക ആവശ്യങ്ങൾക്കായി ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കും.സഞ്ചാരികളുടെ സുരക്ഷയെ മുൻനിർത്തി കൊളുക്കുമലയെ സേഫ് ടൂറിസം സോൺ ആക്കി മാറ്റുകയാണ് ലക്ഷ്യം ടൂറിസം വകുപ്പിൻറെ ലക്ഷ്യം.

സ്ട്രോക്കിൽ തളർന്ന് രോഗിയായ അച്ഛനൊപ്പം ചുവരെഴുതാൻ സഹായിയായി മകളും

ആലപ്പുഴ: ആരോഗ്യസ്ഥിതി മോശമായതോടെ പെയിന്റിംഗ് (Painting) ജോലി ചെയ്യാൻ കഴിയാത്ത പിതാവിന് സഹായമാവുകയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ (Plus One Student) പൗർണമി. മാന്നാർ കുട്ടമ്പേരൂർ മുട്ടേൽ കരിയിൽ വീട്ടിൽ പെയിന്റിംഗ് തൊഴിലാളിയായ മണിക്കുട്ടൻ (48) നാല് മാസങ്ങൾക്ക് മുമ്പ് വന്ന സ്ട്രോക്കിൽ തൊഴിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കല്ലുമലയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുന്ന ഭാര്യ രാജി (44) യുടെ തുച്ഛമായ വരുമാനാമായിരുന്നു ഏകആശ്രയം. മൂന്ന്പെൺമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതച്ചെലവുകൾക്ക് ബുദ്ധിമുട്ടായതോടെ അസുഖം പൂർണമായും ഭേദപ്പെടുന്നതിന് മുമ്പുതന്നെ മണിക്കുട്ടന് വീണ്ടും പെയിന്റിംഗിനായി ഇറങ്ങേണ്ടി വന്നു.

പഴയതുപോലെ അച്ഛന് തൊഴിൽ ചെയ്യാൻ ആരോഗ്യം അനുവദിക്കുന്നില്ലെന്ന് മനസ്സിലാക്കിയ രണ്ടാമത്തെ മകൾ ചെങ്ങന്നൂർ ഗവണ്‍മെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ പൗർണമി അവധിദിവസങ്ങളിൽ ബ്രഷുമെടുത്ത് അച്ഛനോടൊപ്പം ഇറങ്ങി. വരയിലും എഴുത്തിലും പ്രാവിണ്യം സിദ്ധിച്ച മൂന്നുപെൺമക്കളും പിതാവിനൊപ്പം സഹായവുമായി എത്താറുണ്ടായിരുന്നു. ബാംഗ്ലൂരിൽ ഒന്നാം വർഷ ബി എസ് സി നേഴ്‌സിംഗിന് പഠിക്കുന്ന മൂത്തമകൾ നവമിയും കുന്നത്തൂർ ഗവണ്‍മെന്റ് യുപിഎസിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന അഷ്ടമിയും അച്ഛനെ സഹായിക്കാറുണ്ട്. മാന്നാറിലെ ഒരു പ്രമുഖസ്ഥാപനത്തിന്റെ ചുവരെഴുത്തിലാണ് ഇപ്പോൾ പൗർണമി. മൂന്നു പെണ്മക്കളുടെ പഠനത്തിനും ജീവിതച്ചെലവുകൾക്കും ബുദ്ധിമുട്ടുന്ന രോഗിയായ മണിക്കുട്ടന് ആശ്വാസമാവുകയാണ് അവധി ദിവസങ്ങളിലെ മകൾ പൗര്‍ണമിയുടെ ചുവരെഴുത്ത്.