കൊണ്ടോട്ടി: കോഴിക്കോട്ടേക്കോ പാലക്കാട്ടേക്കോ കൊണ്ടോട്ടി വഴി ബസിൽ യാത്ര ചെയ്യുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കും ഒ.കെ എന്നറിയപ്പെടുന്ന ഒ.കെ മുഹമ്മദ് ഹാജിയെ.  ബസ് എത്തിയാൽ തൊണ്ടപൊട്ടുന്ന ഉച്ചത്തിൽ 'കോഴിക്കോടേ..യ് പാലക്കാടേ..യ്' എന്ന് അദ്ദേഹം വിളിച്ചറിയിക്കും. യാത്രക്കാർക്ക് ഏറെ സഹായകമായിരുന്ന മുഹമ്മദ് ഹാജി ഇന്ന് രാവിലെയാണ് അന്തരിച്ചത്. അശരണരുടെ കണ്ണീര് ഒപ്പിയിരുന്ന ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം.

പത്താം വയസ്സിൽ പിതാവ് പരേതനായ ഉണ്ണീൻകുട്ടിയുടെ കൈ പിടിച്ച് കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ എത്തിയത് മുതൽ ഈ സ്റ്റാൻഡിന്റെ എല്ലാം പിന്നെ ഒ.കെയായിരുന്നു. ഇവിടെയെത്തുന്ന യാത്രക്കാർക്ക് വഴി കാട്ടാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഓടി നടന്നു. സ്ഥലമറിയാതെ ഒരു കുട്ടി പോലും സ്റ്റാൻഡിൽ വട്ടം കറങ്ങേണ്ടി വന്നിരുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കുമെല്ലാം സഹായിയായി രാവിലെ മുതൽ രാത്രി വരേയും അദ്ദേഹം സ്റ്റാൻഡിൽ സജീവമായിരുന്നു. ഇതിനിടയിലായിരുന്നു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയിരുന്നത്.

സേവനങ്ങൾക്ക് പ്രതിഫലം ആരിൽ നിന്നും മുഹമ്മദ് ഹാജി വാങ്ങിയിരുന്നില്ല. എന്നാൽ മറ്റുള്ളവരെ സഹായിക്കാൻ എല്ലാവരോടും സഹായം തേടിയിരുന്നു. അർബുദ രോഗികൾ, വൃക്കരോഗികൾ, ഓട്ടിസം ബാധിച്ചവർ, വീടില്ലാത്തവർ എന്നിവർക്കെല്ലാം പലതവണ താങ്ങായി മാറി മുഹമ്മദ് ഹാജി. നാട്ടിലെ സംഘടനകൾ അവശർക്ക് വേണ്ടി സംഘടിത ഫണ്ട് സ്വരൂപം തുടങ്ങുന്നതിന് മുൻപെ ഒ.കെ അതിന് തുടക്കമിട്ടിരുന്നു. 

അതിനായി സ്റ്റാൻഡിലെത്തുന്നവരുടെ മുന്നിൽ കൈ നീട്ടാൻ ഒ.കെക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. അത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഒറ്റയാനായി മുഹമ്മദ് ഹാജി നേതൃത്വം നൽകി. ഇക്കാലം വരേയും ഒ.കെക്കെതിരെ ഒരാളും പഴി പറഞ്ഞിട്ടില്ല. അത്രക്കും വിശ്വസ്ഥനായി അദ്ദേഹം വളർന്നു. വേങ്ങരയിലെ ഒരു കുട്ടിയുടെ ചികിത്സക്ക് ബസ് ജീവനക്കാർക്ക് മുന്നിൽ ഒ.കെ കൈ നീട്ടിയപ്പോൾ അര ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. 

ഓട്ടിസം ബാധിച്ച പാലക്കാട്ടുകാരന്റെ ദയനീയ കഥ പത്രത്തിലൂടെ വായിച്ചറിഞ്ഞപ്പോൾ അവരെ സഹായിക്കാനും മുഹമ്മദ് ഹാജി മുന്നിട്ടിറങ്ങി. സ്റ്റാൻഡിൽ നടത്തിയ പിരിവിലൂടെ 16,000രൂപയാണ് സമാഹിരിച്ച് ആ കുടുംബത്തിന് എത്തിച്ചത്. ഇത്തരത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ഒ.കെ നടത്തി. ഒന്നും ആളാവാനോ പബ്ലിസിറ്റിക്ക് വേണ്ടിയോ ആയിരുന്നില്ല. സഹായം അർഹരുടെ കൈകളിലെത്തും എന്നുറപ്പുള്ളതിനാൽ ഒ.കെ ചോദിക്കുമ്പോഴെല്ലാം നാടും യാത്രക്കാരും സഹായിച്ച് കൊണ്ടിരുന്നു. ലീഗിനായി രാപ്പകൽ മറന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. അഖിലേന്ത്യാ പ്രസിഡന്റായിരുന്ന മുഹമ്മദ് ഇസ്മായിൽ സാഹിബും ബാഫഖി തങ്ങളുമൊക്കെയായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു.