കൂടത്തായി കേസ്; ജോളിയുടെ ഭര്‍ത്താവിന്റെ വിസ്താരം കഴിഞ്ഞു, ആ മൊഴിയിൽ ഉറച്ച് ഷാജു, 'ജോളി എല്ലാം പറഞ്ഞിരുന്നു'
തിങ്കളാഴ്ച ജോളിയുടെ സഹോദരന്‍മാരുടെയും മുന്‍ പളളി വികാരിയുടെയും വിസ്താരം നടക്കും.
കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസില്‍ പ്രധാന പ്രതി ജോളി തോമസിന്‍റെ ഭാര്‍ത്താവും കേസിലെ സാക്ഷിയുമായ ഷാജു സക്കറിയയുടെ വിസ്താരം പൂര്‍ത്തിയായി. കൊലപാതകങ്ങളെക്കുറിച്ച് ജോളി തന്നോട് പറഞ്ഞിരുന്നതായി പ്രൊസിക്യൂഷന്‍ വിസ്താരത്തില്‍ നല്‍കിയ മൊഴിയില്‍ ഷാജു ഉറച്ച് നിന്നു. തിങ്കളാഴ്ച ജോളിയുടെ സഹോദരന്‍മാരുടെയും മുന്‍ പളളി വികാരിയുടെയും വിസ്താരം നടക്കും.
കോളിളക്കമുണ്ടാക്കിയ കൂടത്തായി കൊലപാതക പരന്പരയില്‍ റോയ് തോമസ് വധക്കേസിലെ വിചാരണയാണ് മാറാട് പ്രത്യേക കോടതിയില്‍ നടക്കുന്നത്. മുഖ്യ പ്രതി ജോളി ജോസഫിന്‍റെ ഭര്‍ത്താവും കേസിലെ 56 ആം സാക്ഷിയുമായ ഷാജു സക്കറിയയുടെ വിസ്താരമാണ് ജഡ്ജി സി സുരേഷ് കുമാര്‍ മുന്പാകെ പൂര്‍ത്തിയായത്. പൊന്നാമറ്റം വീട്ടിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന കാര്യം ജോളി തന്നോട് പറഞ്ഞിരുന്നതായി പൊസിക്യൂഷന്‍ വിസ്താരത്തില്‍ നല്‍കിയ മൊഴി എതിര്‍ വിസ്താരത്തിലും ഷാജു ആവര്‍ത്തിച്ചു.
ജോളിയോടൊപ്പം വക്കീല്‍ ഓഫീസലുള്‍പ്പെടെ പോയിട്ടുണ്ടെങ്കിലും താന്‍ പുറത്തിരിക്കുകയാണ് ചെയ്തിരുന്നതെന്നും ഷാജു മൊഴി നല്‍കി. പൊലീസ് ഭീഷണിമൂലമാണ് ജോളിക്കെതിരെ താന്‍ മൊഴി കൊടുക്കുന്നതെന്ന ജോളിയുടെ അഭിഭാഷകന്‍ ആളൂരിന്‍റെ വാദം തെറ്റെന്നും ഷാജു കോടതിയെ അറിയിച്ചു. ജോളിക്കെതിരെ വിവാഹ മോചനത്തിന് കുടുംബ കോടതിയില്‍ ഹര്ജി നല്‍കിയിട്ടുണ്ടെന്നും ഷാജു പറഞ്ഞു.
തിങ്കളാഴ്ച ജോളിയുടെ സഹോദരന്‍ ടോമി ജോസഫ്, ഫാ.ജോസ് എടപ്പാടി എന്നീ സാക്ഷികളുടെ വിസ്താരം നടക്കും. കേസില്‍ ഇതുവരെ 122 സാക്ഷികളഉടെ വിസ്തരമാണ് പൂര്‍ത്തിയായിട്ടുളളത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെയും വിസ്താരം ഇനി പൂര്‍ത്തിയാകാനുണ്ട്. കൂടത്തായ് കൊലപാതക പരന്പരയില്‍ ആറ് കേസുകള്‍ ഉണ്ടെങ്കിലും റോയ് തോമസ് വധക്കേസില്‍ മാത്രമാണ് വിചാരണ തുടങ്ങാനായത്. മറ്റ് കേസുകളിലെല്ലാം കുറ്റപത്രത്തിലുളള വാദം കേള്‍ക്കാനായി വച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം