ഇടുക്കി: കൊട്ടക്കമ്പൂർ വില്ലേജില്‍ അറുപതാം ബ്ലോക്കിലെ തണ്ടപ്പേര്‍ മാറ്റല്‍ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ നാല് തലമുറയായി തണ്ടപ്പോര്‍ മാറ്റാതെ കരമടയ്ക്കുന്നുണ്ടെന്നും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ലാന്റ് റവന്യൂ കമ്മീഷ്ണര്‍ അടക്കം നേരിട്ടെത്തിയാണ് തണ്ടപ്പേര്‍ മാറ്റല്‍ നടപടി ആരംഭിച്ചത്.  

വട്ടവട കൊട്ടക്കമ്പൂർ അടക്കമുള്ള അഞ്ചുനാട് മേഖലകളില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന കര്‍ഷകരുടെ കയ്യില്‍ ഭൂമി സംബന്ധമായ രേഖകളുടെ കുറവുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കൈവശരേഖ നല്‍കുന്നതും കരമടയ്ക്കുന്നതും അടക്കമുള്ള നടപടികള്‍ നിര്‍ത്തി വച്ചിരുന്നു.  

ഇതോടെ  സ്ഥലം  ഉപയോഗപ്പെടുത്തി ബാങ്ക് വായ്പ എടുക്കുവാന്‍ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. ഇതിനെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ദേവികുളം സബ് കളക്ടര്‍ രേണുരാജിന്റെ നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിനായി നടപടി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് കാലങ്ങളായി തണ്ടപ്പോര്‍ മാറ്റാതെ കിടക്കുന്നത് പരിശോധിച്ച്  ഭൂ ഉടമകള്‍ക്ക്  തണ്ടപ്പേര്‍ മാറ്റി കൈവശ രേഖ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചത്. 

ഇതിന്റെ ഭാഗമായി ഭൂമി സംബന്ധമായ രേഖകളുമായി ജനങ്ങളോട് ഹീയറിംഗില്‍ പങ്കെടുക്കുവാന്‍ നോട്ടീസ് നല്‍കിയിരുന്നു. അറുപതാം ബ്ലോക്കില്‍ ഉള്‍പ്പെട്ട വട്ടവട, കോവിലൂര്‍ മേഖലകളിലെ 176 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നോട്ടീസ് നല്‍കിയിരുന്നത്. ബാക്കിയുള്ള 370 പേര്‍ക്ക് കൂടി ഹിയറിംഗില്‍ പങ്കെടുക്കുന്നതിന് നോട്ടീസ് നല്‍കുമെന്നും സബ് കളക്ടര്‍ രേണുരാജ് പറഞ്ഞു. 

ഹിയറിംഗ് നടത്തി കൈവശ രേഖ ലഭിക്കുന്നതോടെ കാലങ്ങളായുണ്ടായിരുന്ന വലിയ പ്രതിസന്ധിക്ക് പരിഹാരമാകും. വനംവകുപ്പിന്റെ സഹകരണത്തോടെയാണ് ഹിയറിംഗ് നടത്തിയത്.  ലാന്റ് റവന്യൂ കമ്മീഷ്ണര്‍ എ റ്റി ജയിംസ് നേരിട്ടെത്തിയാണ് ഹിയറിംഗില്‍ രേഖകള്‍ പരിശോധിച്ച് കൈവശ രേഖ നല്‍കിയത്. അസിസ്റ്റന്റ് ലാന്റ് റവന്യൂ കമ്മീഷ്ണര്‍ സബിന്‍ സമീദ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, സീനിയര്‍ സൂപ്രണ്ട് രാജേഷ്, മൂന്നാര്‍ ഭൂ രേഖ തഹസില്‍ദാര്‍ ശ്രീകുമാര്‍ എന്നിവര്‍ ഹിയറിംഗില്‍ പങ്കെടുത്തു.